പ്രസ്താവന പോര, തെരുവിലിറങ്ങി പ്രതിഷേധിക്കൂ,  യൂത്ത് കോണ്‍ഗ്രസിനോട് ഹൈക്കമാന്‍ഡ് 

ന്യൂദല്‍ഹി- നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ചതടക്കമുള്ള സംഭവങ്ങളില്‍ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും ഡിവൈഎഫ്ഐക്കാരും തെരുവില്‍ നേരിടുമ്പോള്‍ അതിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു വീര്യം പോരെന്നു വിലയിരുത്തിയാണിത്.
ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരുമായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി.
പോലീസ് മേധാവിയുടെ ഓഫിസിലേക്കു പ്രകടനം നടത്തുന്നതടക്കം സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ തെരുവിലിറങ്ങണമെന്നും പ്രസ്താവനകള്‍ മാത്രം പോരെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വരെ തെരുവില്‍ മര്‍ദനം നേരിടുമ്പോള്‍ അതിനെതിരെ സംസ്ഥാന നേതൃത്വത്തില്‍ നിന്നുയരുന്ന പ്രതിഷേധ സ്വരത്തിനു മൂര്‍ച്ച പോരാ.
നവകേരള യാത്രയ്ക്കെതിരെ ജനവികാരമുയര്‍ത്താനും രാഷ്ട്രീയമായി അതിനെ നേരിടാനും ശക്തമായ പ്രതിഷേധ പരിപാടികള്‍ അനിവാര്യമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങണം. അതിനാവശ്യമായ സമരപരിപാടികള്‍ക്കു രൂപം നല്‍കണമെന്നും വേണുഗോപാല്‍ നിര്‍ദേശിച്ചു.

Latest News