കോണ്‍ഗ്രസുമായി ബംഗാളില്‍ സീറ്റ് ധാരണക്ക് തയ്യാറെന്ന് മമത

ന്യൂദല്‍ഹി- പശ്ചിമ ബംഗാളിലടക്കം കോണ്‍ഗ്രസ്സുമായി സീറ്റ് പങ്കുവെക്കാന്‍  തയ്യാറാണെന്ന സൂചനയുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. നാളെ ദല്‍ഹിയില്‍ ഇന്‍ഡ്യ മുന്നണിയുടെ നിര്‍ണായക യോഗം ചേരാനിരിക്കെയാണ് മമത ബാനര്‍ജി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്നത്തെ ഇന്ത്യ മുന്നണി യോഗത്തില്‍ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കുമെന്ന് കരുതുന്നതായി മമത ബാനര്‍ജി വ്യക്തമാക്കി. എല്ലാവരും ഒരുമിച്ചായിരിക്കുമെന്ന് താന്‍ കരുതുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ട്. വിഷയത്തില്‍ വിവിധ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായേക്കും. എന്നാല്‍ ഭൂരിപക്ഷം പാര്‍ട്ടികളും ഇത് അംഗീകരിക്കുകയാണെങ്കില്‍  ശേഷിക്കുന്നവ യാന്ത്രികമായി ആ വരിയില്‍ വീഴുമെന്നും മമത പറഞ്ഞു. നാളത്തെ യോഗത്തില്‍ സീറ്റ് പങ്കിടല്‍ അന്തിമമാക്കാന്‍ കഴിയില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ചാല്‍ കാര്യങ്ങള്‍ സുഗമമാകുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുകയെന്നും മമത വ്യക്തമാക്കി. നാളെ  ദല്‍ഹിയിലെ അശോക ഹോട്ടലിലാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നത്.
 

Latest News