ചെങ്ങന്നൂർ- പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ചെങ്ങന്നൂരിലെ ആയിരങ്ങളെ രക്ഷപ്പെടുത്താനുള്ള നീക്കം സജീവം. അതിനിടെ, പമ്പയാറിൽ അപ്രതീക്ഷിതമായി വെള്ളമുയർന്ന് കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഇന്നലെ വൈകുന്നേരം വരെ വലിയ വെള്ളക്കെട്ടുണ്ടാകാത്ത സ്ഥലത്താണ് ഇന്ന് പ്രളയമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മീൻപിടിത്ത തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി നേതൃത്വം നൽകുന്നത്. ഇതിന് പുറമെ, സൈന്യവും രക്ഷാദൗത്യവുമായി രംഗത്തുണ്ട്. എന്നാൽ ചില മേഖലകളിലേക്ക് ഇനിയും കടന്നെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. കനത്ത വെള്ളത്തെതുടർന്നാണ് ജനം പ്രയാസത്തിലായത്. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടവരെ സംരക്ഷിക്കാൻ സൈന്യം രംഗത്തിറങ്ങണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. കേരളത്തിന് അടിയന്തിര സഹായമായി 500 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചില മേഖലകളില്‍ മാത്രം ഒതുക്കിയിട്ടുണ്ട്.