Sorry, you need to enable JavaScript to visit this website.

ചെങ്കടലിൽ രണ്ടു ചരക്കുകപ്പലുകൾക്ക് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

സൻആ-ചെങ്കടലിൽ രണ്ട് ചരക്ക് കപ്പലുകൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ചെങ്കടൽ വഴിയുള്ള യാത്ര ചരക്കുകൾ നീക്കുന്ന കമ്പനികൾ ഹൂത്തി ആക്രമണത്തെ തുടർന്ന് റദ്ദാക്കുന്നതിനിടെയാണ് പുതിയ സംഭവം. സമുദ്ര വ്യാപാരം തടസ്സപ്പെടുത്തുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. എംഎസ്‌സി ക്ലാര, നോർവീജിയൻ ഉടമസ്ഥതയിലുള്ള സ്വാൻ അറ്റ്‌ലാന്റിക് എന്നീ കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ പറഞ്ഞു. അതേസമയം, അജ്ഞാത വസ്തു കപ്പലിൽ ഇടിച്ചെന്നും ജീവനക്കാരിൽ ആർക്കും പരിക്കില്ലെന്നും സ്വാൻ അറ്റ്‌ലാന്റിക് ഉടമ പറഞ്ഞു. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം എം.എസ്.സി ക്ലാര പനാമ പതാകയുള്ള കപ്പലാണ്. കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ല.

ഗാസയിലെ സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായി ബന്ധമുള്ള ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമിടുന്നതായി ഇറാൻ പിന്തുണയുള്ള ഹൂത്തികൾ കഴിഞ്ഞ ആഴ്ചകളിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി കപ്പലുകൾ ആക്രമിച്ചു. ഈ ഭാഗത്തേക്ക് കപ്പൽ കയറരുതെന്ന് സംഘം മുന്നറിയിപ്പ് നൽകി. ആക്രമണം ശക്തമായതോടെ ചെങ്കടൽ വഴിയുള്ള യാത്ര കപ്പലുകൾ ഒഴിവാക്കുകയും യാത്ര ചെലവ് വർധിക്കുകയും ചെയ്തു.
 

Latest News