Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കോവിഡ് വർധന; കർണാടകയിൽ 60-ന് മുകളിൽ പ്രായമുള്ളവർക്ക് മാസ്‌ക് നിർബന്ധമാക്കി

ബംഗളൂരു- കേരളത്തിൽ കോവിഡ് കൂടി വരുന്ന സഹചര്യത്തിൽ കർണാടകയിൽ  60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ചുമ, കഫം, പനി എന്നിവയുടെ ലക്ഷണങ്ങളും ഉള്ളവർ നിർബന്ധമായും ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്ന് കർണാടക സർക്കാർ ഉത്തരവിട്ടു. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകൾ അനിയന്ത്രിതമായി കൂടി വരുന്ന സഹചര്യത്തിലാണ് തീരുമാനം. ഇത്തരം രോഗലക്ഷണങ്ങളും സംശയാസ്പദമായ കേസുകളും ഉള്ളവരിൽ പരിശോധനകൾ വർധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അതിർത്തി ജില്ലകളിലെ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആളുകളുടെ സഞ്ചാരത്തിനും ഒത്തുകൂടുന്നതിനും ഒരു നിയന്ത്രണവും ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.

'ആരും ആശങ്കപ്പെടേണ്ടതില്ല. ഡോ.കെ രവിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സാങ്കേതിക ഉപദേശക സമിതി ഇന്നലെ യോഗം ചേർന്നു, സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഞങ്ങളുടെ ഉദ്യോഗസ്ഥരും വിദഗ്ധരും തമ്മിൽ ചർച്ച നടന്നുവെന്നും മന്ത്രി വ്യക്തമാക്കി. 
60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ചുമ, കഫം, പനി എന്നിവയുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര തുടങ്ങിയ അതിർത്തി ജില്ലകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ആരോഗ്യ കേന്ദ്രങ്ങൾ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം പരിശോധന വർധിപ്പിക്കാനും രോഗലക്ഷണങ്ങളും സംശയാസ്പദമായ കേസുകളും ഉള്ളവരോട് നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകാനും നിർദേശം നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News