Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഏകാധിപത്യം പരമോന്നത നിലയിൽ- കോൺഗ്രസ്സ്

ന്യൂദൽഹി-പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്ത നടപടി ഏകാധിപത്യത്തിന്റെ പരമോന്നത നിലയാണെന്ന് കോൺഗ്രസ്. എതിരില്ലാതെ ബിൽ പാസാക്കാനുള്ള നീക്കമാണ് പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യുന്നതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒരു ചർച്ചയുമില്ലാതെ സർക്കാറിന് ബില്ലുകൾ പാസാക്കിയെടുക്കണം. രാജ്യത്തെ പാർലമെന്റിനെ ഗുജറാത്ത് അസംബ്ലിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ജനാധിപത്യത്തെ കൊല്ലലാണ് നടന്നതെന്ന് കോൺഗ്രസ്സ് വക്താവും സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാംഗവുമായ ജയറാം രമേശ് പറഞ്ഞു. തന്റെ 19 വർഷത്തെ പാർലമെന്ററി കരിയറിൽ ആദ്യമായാണ് സസ്‌പെൻഷനിലാവുന്നതെന്നും ജയറാം രമേശ് പറഞ്ഞു. ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഫാസിസ്റ്റ് നടപടിയെ ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ മുഴുവൻ ശബ്ദത്തെയും അടിച്ചമർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് സർക്കാർ  പ്രവർത്തിക്കുന്നത്.ആരോഗ്യകരമായ ഒരു ചർച്ചയ്ക്കും സഭകൾ വേദിയാകുന്നില്ല. ജനങ്ങളുടെയും സുരക്ഷയുടെയും പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്യുകയാണ്. പാർലമെന്റ് അതിക്രമത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നതും ആഭ്യന്തര മന്ത്രി  അമിത് ഷാ സുരക്ഷാവീഴ്ചയിൽ പ്രസ്താവന നടത്തണം എന്നാവശ്യപ്പെടുന്നതും കുറ്റമാണോയെന്നും കെ.സി വേണുഗുപോൽ ചോദിച്ചു.

പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകും- എളമരം കരീം

ന്യൂദൽഹി-പാർലമെന്റിൽനിന്ന് പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. പ്രതിഷേധിച്ച എംപിമാരെ മുഴുവൻ സസ്‌പെൻഡ് ചെയ്തത് പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. രാജ്യസഭയിലുണ്ടായിരുന്ന മുഴുവൻ ഇടതുപക്ഷ അംഗങ്ങളും സസ്‌പെൻഷന് വിധേയരായി. ഈ രീതിയിൽ പ്രതിപക്ഷത്തെ മുഴുവൻ നിശബ്ദരാക്കാനുള്ള സർക്കാർ നീക്കം ഒറ്റക്കെട്ടായ സമരത്തിലൂടെ ജനാധിപത്യ മത നിരപേക്ഷ കക്ഷികൾ ചെറുത്ത് തോല്പ്പിക്കും. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുമെന്ന് കരീം പ്രസ്താവനയിൽ പറഞ്ഞു.


പാർലമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കും-മുസ്‌ലിം ലീഗ് 

ന്യൂദൽഹി- പാർലമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് മുസ് ലിം ലീഗ് എം.പിമാരായ ഇ. ടി മുഹമ്മദ് ബഷീർ, ഡോ. അബ്ദു സമദ് സമദാനി, പി. വി അബ്ദുൽ വഹാബ്, നവാസ് ഗനി എന്നിവർ പറഞ്ഞു. പാർലമെന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സർക്കാർ. സുരക്ഷാ വീഴ്ചയിൽ പാർലമെന്റിൽ വിശദീകരിക്കുന്നതിന് പകരം മറച്ചുവെക്കുന്ന സമീപനമാണ് സർക്കാറിന്. സർക്കാർ വീഴ്ചയെ തുറന്നു കാട്ടാൻ പാടില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്. ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് സസ്‌പെന്റ് ചെയ്യുന്നത് ഇന്ത്യൻ പാർലമെന്റിൽ ആദ്യ സംഭവമാണെന്നും എം.പിമാർ പറഞ്ഞു.
 

Latest News