Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇപ്പോഴും കിനാവിലുമ്മ വെക്കുന്നു, അര്‍ജന്‍റീനയുടെ ലോക കിരീടം

കോടിക്കണക്കിന് മനുഷ്യരുടെ കിനാവായിരുന്നു അർജന്റീനക്ക് ഒരു ലോകകപ്പ് കിരീടമെന്നത്. 2014-ൽ ചുണ്ടിനും മോഹത്തിനുമിടയിൽ ആ കപ്പ് നഷ്ടമായി. 2022-ൽ ആ മോഹം പൂവണിയുമെന്ന സ്വപ്‌നത്തിലായിരുന്നു അർജന്റീനയുടെ ആരാധകർ. കളിയുടെ മുക്കാൽ പങ്ക് നേരത്തും അർജന്റീനിയൻ ആരാധകർ സന്തോഷത്തിന്റെ പെരുംകടലിലായിരുന്നു. കളി തീരാൻ സെക്കന്റുകൾ മാത്രം ശേഷിക്കേ അർജന്റീനയുടെ പോസ്റ്റിലേക്ക് കുതിച്ചെത്തിയ ഫ്രാൻസ് താരത്തിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് എന്ന ഇതിഹാസ ഗോളി തടുത്തിട്ടു. കോടികണക്കിന് ആരാധകരുടെ മോഹങ്ങളെ സംരക്ഷിച്ച് അയാൾ ഗോൾ പോസ്റ്റിന് മുന്നിൽ തന്റെ ചിലന്തിവലയെറിഞ്ഞു. ആ വലയിൽനിന്ന് അർജന്റീന കോരിയെടുത്ത കനക കിരീടത്തിന് ഒരു വർഷമായിരിക്കുന്ന പ്രായം. 

ഖത്തർ ലോകകപ്പ് ഫുട്‌ബോൾ റിപ്പോർട്ട് ചെയ്യാനായിരുന്നു 2022 നവംബറിൽ ഖത്തറിലെത്തിയത്. റിപ്പോർട്ട് ചെയ്യുക എന്നതിനപ്പുറം ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളെ നേരിൽ കാണുക എന്ന മോഹവുമുണ്ടായിരുന്നു ആ യാത്രക്ക്. ആ നിമിഷത്തിൽനിന്ന് അർജന്റീന കിരീടത്തിലേക്ക് പാഞ്ഞടുത്ത നേരങ്ങളെ ഒരു അർജന്റീനിയൻ ആരാധകൻ എന്ന നിലയിൽ കുറിച്ചുവെക്കുകയാണ്.

ഇതൊരു അർജന്റീനിയൻ ഫുട്‌ബോൾ ആരാധകന്റെ ആത്മസഞ്ചാരമാണ്. വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ യാത്ര. അത്രയും കാലത്തെ നടത്തം പെറുക്കിക്കൂട്ടിവെക്കാനാകുന്നില്ല. അതിനാൽ കിരീടത്തിന് തൊട്ടടുത്തു വീണുടഞ്ഞുപോയ ഒരു മോഹത്തിന്റെയും കിരീടത്തിലുമ്മ വെച്ച ചരിത്രനിമിഷത്തിന്റെയും ഇടയിലുള്ള നടത്തം മാത്രം എടുത്തുവെക്കുന്നു.
2014 ജൂലൈ 13. ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയം. ലോകം രണ്ടു ഭാഗമായി ചേരി തിരിഞ്ഞുനിൽക്കുന്ന അപൂർവ്വ നിമിഷങ്ങളുടെ രാത്രി. ജൂലൈ 13ന്റെ അവസാനവും ജൂലൈ പതിനാലിന്റെ തുടക്കവും. മത്സരം നിശ്ചിത 90 മിനിറ്റും കഴിഞ്ഞ് വീണ്ടും അരമണിക്കൂറിലേക്ക് അതിവേഗം കുതിക്കുന്നു. 113ാമത്തെ മിനിറ്റിൽ ജർമനിയുടെ മരിയോ ഗോറ്റ്‌സെയുടെ കാലിൽനിന്നുള്ള ഷോട്ട് അർജന്റീനയുടെ റൊമേര കാവലിരുന്ന ഗോൾ പോസ്റ്റ് കീഴടക്കി വലയിൽ പറന്നിറങ്ങി. അർജന്റീനയുടെ ലോകകപ്പ് കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു വിജയത്തിന് മാത്രമകലെ അവസാനിച്ചു. 
പിന്നീട് ടി.വി സ്‌ക്രീനിലേക്ക് നോക്കാനേ തോന്നിയില്ല. പിന്നീടെപ്പോഴോ സ്‌ക്രീനിലേക്ക് കാഴ്ച വഴി തെറ്റി തിരിഞ്ഞപ്പോൾ ലോകം നഷ്ടപ്പെട്ടുപോയവന്റെ കണ്ണീരുമായി മെസിയുണ്ട്. 
നാലു വർഷത്തിന് ശേഷം, മെസിയും സംഘവും റഷ്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തി. പക്ഷെ, ആ കൊല്ലം മെസിയും സംഘവും കിരീടം നേടുമെന്നുള്ള ആലോചന അറിയാതെ പോലും വന്നില്ല. ഫ്രാൻസുമായുള്ള അർജന്റീനയുടെ പ്രീ ക്വാർട്ടർ മത്സരം കാണണ്ട എന്നുറപ്പിച്ചതായിരുന്നു. കാണാനുള്ള സഹചര്യമുള്ള എവിടെയെങ്കിലുമാണെങ്കിൽ ആ കളി കാണുമെന്നുറപ്പാണ്. ആ മത്സരത്തിന്റെ സമയം നോക്കി വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തു. നാട്ടിലേക്കുള്ള യാത്രയായിരുന്നു. 
വിമാനതാവളത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ഒരു ഗോളടിച്ചത് അറിഞ്ഞു. നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. വിമാനത്തിൽ കയറി ഇരുന്നപ്പോഴാണ് എയ്ഞ്ചൽ ഡി മരിയ ഗോൾ തിരിച്ചടിച്ചതറിഞ്ഞത്. എന്റെ ടീം ജയിക്കുമോ എന്നൊരു നേരിയ പ്രതീക്ഷ. വിമാനം പറന്നു. ഒമാനിലെത്തിയപ്പോഴേക്കും മൂന്നിനെതിരെ നാലു ഗോളുകൾക്ക് അർജന്റീന തോറ്റിരുന്നു. പ്രതീക്ഷിച്ച ഫലം. ആ ലോകകപ്പും അവിടെ അവസാനിച്ചു.
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യമത്സരം. ഉറപ്പായും ജയിക്കുമെന്നുറപ്പിച്ചത്. മെസിയിലൂടെ അർജന്റീനയുടെ ആദ്യ ഗോൾ. ഇനിയെത്ര വട്ടം സൗദിയുടെ വല നിറയുമെന്ന ആകാംക്ഷ മാത്രമായിരുന്നു ബാക്കി. പക്ഷെ, മത്സരം അവസാനിക്കുമ്പോൾ അർജന്റീനയുടെ വലയിൽ രണ്ടു വട്ടം സൗദിയുടെ പന്തു കയറിയിറങ്ങി. 
ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഞാൻ ഖത്തറിലെത്തിയ ദിവസമായിരുന്നു അത്. അന്നു രാത്രി ഞങ്ങൾ(അഷ്‌റഫ് തൂണേരിയും ഷിറാസും, സഹീറും) സൂഖ് വാഖിഫിലൂടെ നടന്നു. അവിടെയാകെ ആഘോഷമായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും പതാകകൾ കൂട്ടിക്കെട്ടി ഭൂമി പിളർത്തുന്ന നൃത്തവും പാട്ടും. മൈതാനത്തിലെ ആരവങ്ങളേക്കാളുച്ഛത്തിൽ ഉയരുന്ന നെഞ്ചിടിപ്പ് ഇനിയുള്ള മത്സരങ്ങളിലുണ്ടാകുമെന്നുറപ്പായിരുന്നു. 
മെക്‌സിക്കോയുമായുള്ള അർജന്റീനയുടെ അടുത്ത പോരാട്ടം. ലോകകപ്പ് നടക്കുന്നതിനിടെ മെട്രോ ട്രെയിനിലെ യാത്ര അറിയണം എന്ന ഒരു കാര്യവുമില്ലാത്ത മോഹത്തോടെ മെട്രോയിൽ കയറി. അർജന്റീനയുടെ കളി നേരിൽ കാണാതിരിക്കാൻ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. എങ്കിലും ഓരോ അഞ്ചു മിനിറ്റിലും ഗോളടിച്ചോ എന്ന് നെറ്റിൽ പരതിക്കൊണ്ടിരിക്കും.   ആരും ഗോളടിക്കാത്ത ആദ്യ പകുതി. ജയിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാകൂ.
 64ാം മിനിറ്റിൽ മെസിയുടെ ഗോൾ. ഖത്തർ മ്യൂസിയം മെട്രോ സ്‌റ്റേഷനിലായിരുന്നു ഞാനാസമയത്ത്. മെസിയുടെ ഗോളടിയുടെ ആരവത്താൽ സ്‌റ്റേഷൻ കുലുങ്ങുന്നുണ്ടായിരുന്നു. മെസി ഗോളടിച്ചുവെന്ന് ഞാനറിഞ്ഞിട്ടുണ്ട്. എങ്കിലും കാണുന്നവരോടൊക്കെ ചോദിച്ചു. ആരെങ്കിലും അടിച്ചോയെന്ന്. സന്തോഷം ആദ്യമറിയുക്കുന്നവരുടെ മുഖത്ത് ഒരമ്പിളിമാമനുണ്ടാകുമെന്ന് എനിക്കറിയാം. അങ്ങിനെ സന്തോഷമുദിച്ച കുറെ അമ്പിളിമാമൻമാരെ കണ്ടു. എന്റെ കിനാവിൽ അവരെല്ലാം ഉദിച്ചു. എൽസോ ഫെർണാണ്ടസ് അർജന്റീനയുടെ രണ്ടാമത്തെ ഗോളടിക്കുമ്പോഴും ഒന്നാമത്തെ ഗോളിന്റെ സന്തോഷം മാഞ്ഞുപോയിരുന്നില്ല. ഏതോ ഒരാൾ സ്‌റ്റേഷനിലെ പടികൾ ഓടിയിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു. 
അർജന്റീനയുടെ പ്രാഥമിക റൗണ്ടിലെ അവസാനത്തെ മത്സരം. അനുകൂലമായി ലഭിച്ച പെനാൽറ്റി മെസി പാഴാക്കുന്നു. വീണ്ടുമൊരു ദുരന്തം തലയ്ക്കുമുകളിലെത്തിയ പോലെ. ഞാൻ അഷ്‌റഫിനെയും കൂട്ടി ദോഹയിലെ മീൻ കടയിലേക്ക് പോയി. കളി എന്തെങ്കിലുമാകട്ടെ എന്ന് പറഞ്ഞെങ്കിലും ഓരോ നിമിഷവും ഞാനത് പരതിക്കൊണ്ടേയിരുന്നു. നാൽപ്പത്തിയാറാമത്തെ മിനിറ്റിൽ മാക് അലിസ്റ്റർ അർജന്റീനിയൻ പ്രതീക്ഷയിൽ മുത്തം വെക്കുമ്പോൾ ഞാനറിയാതെ ചിരിച്ചു. ജൂലിയൻ അൽവാരസ് 67ാം മിനിറ്റിൽ മറ്റൊരിക്കൽ കൂടി ചിരിക്കാൻ അവസരം നൽകി. ജേതാക്കളായാണ് അടുത്ത റൗണ്ടിലേക്ക്. 
ഓസ്‌ട്രേലിയയുമായുള്ള പ്രീ ക്വാർട്ടറിൽ പക്ഷെ ഭയമേതുമുണ്ടായില്ല. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പഴയ പരിശീലകനായിരുന്നു ഓസ്‌ട്രേലിയയുടെ സഹകോച്ച്. അദ്ദേഹത്തിലേക്കുള്ള എൻട്രൻസ് കിട്ടിയത് ഖത്തറിലേക്ക് ലോകകപ്പ് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളുടെ സഹായിയായ ഫിഫ മുൻ കോർഡിനേറ്റർ കൂടിയായ മലയാളി നജീബ്ക്ക വഴിയായിരുന്നു(അത് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്).
ഹോളണ്ടുമായുള്ള അർജന്റീനയുടെ ക്വാർട്ടർ മത്സരം നടക്കുമ്പോൾ ഞാനും ഷിറാസും ഫാൻ ഫെസ്റ്റിലായിരുന്നു. ആയിരങ്ങൾക്കിടയിലിരുന്നു കളി കാണാമെന്നും നല്ല ചിത്രങ്ങൾ ഉറപ്പാണെന്നും ഷിറാസ്. ആദ്യപകുതിയിൽ മൊളീനയിലൂടെ അർജന്റീനയുടെ ഗോൾ. രണ്ടാം പകുതിയിൽ മെസിയുടെ പെനാൽറ്റി. ഷിറാസിനെ വിട്ട് ഞാൻ ഫാൻ സൈറ്റിലെ ഫിഫ സൈറ്റിലേക്ക് കയറി. ഹോളണ്ട് തിരിച്ചടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. 83ാം മിനിറ്റിൽ അത് സംഭവിച്ചു. ഒരു ഗോൾ അർജന്റീനയുടെ വലയിൽ കയറിയാൽ രണ്ടാമത്തേതിന് അധികം താമസമില്ല. എക്‌സ്ട്രാ ടൈം പത്തു മിനിറ്റെന്ന് മിന്നിയതോടെ അതുറപ്പായി. രണ്ടാം ഗോളും പിറന്നു.
കരഞ്ഞുകൊണ്ടിരിക്കുന്ന അർജന്റീനയുടെ ആരാധകരുടെ മുഖത്തുനിന്ന് ഷിറാസിനെ വലിച്ചിഴച്ച് ഞാൻ കൊണ്ടുവന്നു.
നിങ്ങളിതെന്താണ്, ആരെങ്കിലും ജയിക്കും. അല്ലാതെ നമ്മളെന്ത് ചെയ്യാനെന്ന് പറഞ്ഞ് ഷിറാസ് അവിടെ ചുറ്റിപ്പറ്റിനിന്നു. ഒരു പരാജയം നേരിൽ കാണാനുള്ള ധൈര്യം ചോർന്നുപോയിരുന്നു എനിക്ക്. ഞങ്ങൾ തിരിഞ്ഞുനടക്കുമ്പോൾ പിറകിൽനിന്ന് ആരവങ്ങളുയരുന്നുണ്ടായിരുന്നു. ആരുടേതാണെന്നറിയാത്ത ആരവം. വിജയികളുടെ ആരവങ്ങൾക്കെല്ലാം ഒരൊറ്റ ശബ്ദമാണല്ലോ.
മുഖത്തുനിന്ന് ചോരയൊക്കെ വറ്റിപ്പോയല്ലോ എന്ന് ഷിറാസ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. നമ്മളവിടെ ബസിറങ്ങുമ്പോഴേക്കും അർജന്റീന ജയിച്ചിരിക്കും. ഞാൻ മരിച്ചുപോകുമോ എന്ന് പേടിച്ചായിരിക്കും ഷിറാസ് അങ്ങിനെ പറഞ്ഞത്. ബസിറങ്ങി മെട്രോയിലേക്ക് നടക്കുന്നതിനിടെ ആൾക്കൂട്ടം ആരവക്കൂട്ടങ്ങളായി മാറി. 
അതേ, ഒരിക്കൽ കൂടി അർജന്റീന ജയിച്ചു. ജയം ഉറപ്പിച്ചിട്ടും ഞാൻ പിന്നേയും കാണുന്നവരോടൊക്കെ ചോദിച്ചു. വീണ്ടുംവീണ്ടും ആളുകളുടെ മുഖത്ത് ഞാൻ ആഹ്ലാദത്തിന്റെ അമ്പിളിക്കലകളുണ്ടാക്കി. 
ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിന്റെ അതേ മനസ് തന്നെയായിരുന്നു ക്രൊയേഷ്യക്ക് എതിരെയും. ഉറപ്പായിരുന്നു ആ വിജയം. 
2014ൽനിന്ന് 2022ൽ എത്തിയിരിക്കുന്നു. 
ഞങ്ങളുടെ സ്വപ്‌നത്തിലേക്ക് ഇനിയൊരു വിജയം മാത്രം. 
23ാം മിനിറ്റിൽ മെസിയുടെ ഗോൾ. 
പതിമൂന്ന് മിനിറ്റിന് ശേഷം ഡി മരിയയുടെ മറ്റൊരു ഗോൾ. ഡി മരിയ ഗോളടിച്ച സമയത്ത് എനിക്ക് മുന്നിലൂടെ ഒരാൾ ചൂടു കാഫിയുമായി പോകുന്നുണ്ടായിരുന്നു. ഞാനയാളുടെ കൈ അറിയാതെ പിടിച്ചുകുലുക്കി. അയാളുടെ കയ്യിൽനിന്ന് കോഫി ഗ്ലാസ് താഴെ വീണു ചിതറി. എന്നിട്ടും അയാൾ ചിരിച്ചു. ഞാനും. 
വീട്ടിലേക്ക് വിളിച്ചു. മോൻ അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് കളി കാണുന്നു. വൈകുന്നേരം വരെ കളിച്ചു മറിഞ്ഞതിന്റെ വിയർപ്പുണ്ടായിട്ടും ആ ജഴ്‌സി തന്നെ വേണമെന്ന ആറു വയസുകാരന്റെ വാശി. 
രണ്ടു ഗോളിന് മുന്നിലാണെങ്കിലും ഒരൊറ്റ ഗോൾ തിരിച്ചടിച്ചാൽ മതി. അർജന്റീനയുടെ ഗോൾ പോസ്റ്റിലേക്കുള്ള എളുപ്പവഴിയാണ് ആദ്യ ഗോൾ. ഭയപ്പെട്ടത് സംഭവിച്ചു. എൺപതാമത്തെ മിനിറ്റിൽ എംബപ്പെയുടെ ഗോൾ. ഒരു മിനിറ്റിനകം രണ്ടാമത്തെ ഗോൾ. വീണ്ടും ഇറങ്ങി നടന്നു. പിന്നീട് സ്‌ക്രീനിലേക്ക് കണ്ണെത്തിയപ്പോൾ അർജന്റീന 3ഫ്രാൻസ് 2.  ആ സമയത്ത് 116 മിനിറ്റ് എന്തോ ആയിട്ടുണ്ട്. കളി തീരാൻ നാലു മിനിറ്റ് മാത്രം. സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. പക്ഷെ രണ്ടു മിനിറ്റിനകം വീണ്ടും എംബപ്പെ.  കളി വീണ്ടും സമാസമം. പിന്നിടൊരു മരവിപ്പായിരുന്നു. വീട്ടിലേക്ക് വിളിച്ചു. മോൻ ജഴ്‌സി ഊരിയെറിഞ്ഞ് ഉറങ്ങാൻ കിടന്നിരുന്നു. 
ഇറങ്ങി നടക്കാൻ ഒരിടമില്ല. എക്‌സ്ട്രാ സമയവും കഴിഞ്ഞ് അവസാനത്തെ നിമിഷം, അർജന്റീനയുടെ പോസ്റ്റ് ലക്ഷ്യമാക്കി ഒരടി. 
എമിലിയാനോ മാർട്ടിനസ് കെട്ടിയ ചിലന്തിവലയിൽ ആ പന്തിന് അകത്തുകയറാനായില്ല. 
നൂറ്റാണ്ടിന്റെ രക്ഷപ്പെടുത്തൽ. അർജന്റീനക്കും മെസിക്കുമൊപ്പം കോടിക്കണക്കിന് ആരാധകർ കപ്പിലുമ്മ വെച്ച നിമിഷം. 

Latest News