മോഡിയുടെ പ്രസംഗം പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ എ.ഐ സംവിധാനം

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ ഇനി മനുഷ്യരുടെ ആവശ്യമില്ല. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുളള ഭാഷിണി എന്ന സംവിധാനത്തിലൂടെ മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന പരിപാടി യു.പിയില്‍ ആരംഭിച്ചു. വാരണാസിയില്‍ നടന്ന കാഷി തമിഴ് സംഗമം എന്ന പരിപാടിയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്.

കൂടുതല്‍ ആളുകളിലേക്ക് തന്റെ വാക്കുകള്‍ എത്തിച്ചേരാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇത് എന്റെ ആദ്യ അനുഭവമായിരുന്നു. പതിവുപോലെ, ഞാന്‍ ഹിന്ദിയില്‍ സംസാരിക്കും, എഐ അത് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു പുതിയ തുടക്കമാണ്, ഇത് എനിക്ക് നിങ്ങളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എഐ അധിഷ്ടിത വിവര്‍ത്തന സംവിധാനമായ ' ഭാഷിണി' ഉപയോഗിച്ചാണ് പ്രസംഗം വിവര്‍ത്തനം ചെയ്തത്. തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള ബന്ധത്തെ 'അതുല്യം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് 'തമിഴ്‌നാട്ടില്‍ നിന്ന് കാശിയിലേക്ക് വരുക എന്നതിനര്‍ത്ഥം മഹാദേവന്റെ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് വരിക എന്നാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News