കോഴിക്കോട് - ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മിന്നൽ സന്ദർശനത്തിനിടെ കോഴിക്കോട് മിഠായി തെരുവിൽ കുഴഞ്ഞുവീണ ആൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി (70) ആണ് മരിച്ചത്.
കുഴഞ്ഞുവീണ ഉടനെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീർത്തും അപ്രതീക്ഷിത നീക്കങ്ങളോടെയാണ് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ഹൽവ വാങ്ങാനാണ് താൻ എത്തിയതെന്നാണ് ഗവർണർ പറഞ്ഞത്. പോലീസ് സംരക്ഷണം ആവശ്യമില്ലെന്നു പറഞ്ഞ് നഗരത്തിലേക്കിറങ്ങിയ ഗവർണർക്കൊപ്പം യുവമോർച്ച നേതാക്കളും ഉണ്ടായിരുന്നു. 'തനിക്ക് ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്‌നേഹിക്കുന്നു. എസ്.എഫ്.ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു. ഗവർണറുടെ ഈ വരവിനിടെയാണ് മിഠായ് തെരുവിൽ മറ്റാവശ്യങ്ങൾക്കായി എത്തിയ ചേവായൂർ സ്വദേശി കുഴഞ്ഞുവീണതെന്നാണ് വിവരം. അതിനിടെ, കുഴഞ്ഞുവീണ വ്യക്തിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാനാവാത്തത് ഗവർണറുടെ സന്ദർശനം മൂലമാണെന്നും മരണത്തിന് ഉത്തരവാദി ഗവർണറാണെന്നും സി.പി.എം ആരോപിച്ചു.