വനസേനയുടെ പ്രതീക്ഷ തെറ്റി; നരഭോജി കടുവ കൂട്ടിലായില്ല

സുല്‍ത്താന്‍ബത്തേരി-പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായില്ല. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍നിന്നു എത്തിച്ച് ഞായറാഴ്ച കല്ലൂര്‍ക്കുന്ന് ഞാറ്റാടിയില്‍ സ്ഥാപിച്ച വലിയ കൂട്ടില്‍ രാത്രി കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്ന വനസേനയും നാട്ടുകാരും. ഞാറ്റാടിയില്‍  ശനിയാഴ്ച അര്‍ധരാത്രി കടുവ കൊന്ന പശുവിന്റെ ജഡം ഇരയാക്കിയാണ് കൂട് സ്ഥാപിച്ചത്. കടുവയെ കണ്ടെത്തി പിടിക്കുന്നതിന് വനസേന ശ്രമം തുടരുകയാണ്. ഞായറാഴ്ച രാത്രി കല്ലൂര്‍ക്കുന്നില്‍നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറയുന്നുണ്ട്.
കൂടല്ലൂരില്‍  കഴിഞ്ഞ ഒമ്പതിന് യുവകര്‍ഷകന്‍ പ്രജീഷിനെ കൊന്ന കടുവയെ പിടിക്കുന്നതിനു ശ്രമം തുടരുന്നതിനിടെയാണ് വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍  വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെ കടുവ പിടിച്ചത്.  കാല്‍പാടുകള്‍ പരിശോധിച്ചാണ്  നരഭോജി കടുവയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതെന്നു വനസേന  സ്ഥിരീകരിച്ചത്. ഇവിടെ ദിവസങ്ങള്‍ മുമ്പ് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു.
കടുവയെ പിടിക്കുന്നതിനു ഞാറ്റാടിയതിലേടക്കം അഞ്ച് കൂടുകളാണ് വെച്ചത്. കൂടല്ലൂരിലും സമീപങ്ങളിലൂമാണ് മറ്റു കൂടുകള്‍.
നരഭോജി കടുവയെ പിടിക്കുന്നതിനു വനസേന നടത്തുന്ന ശ്രമം ഇന്നു പത്താം ദിവസത്തിലേക്ക് കടന്നു. ഉത്തര മേഖല സി.സി.എഫ് കെ.എസ്.ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.

Latest News