മക്ക - ഹജ് ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള പ്രത്യേക പെര്‍മിറ്റുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തുന്നതിനുള്ള ശ്രമം മക്ക പട്രോള്‍ പോലീസ് പരാജയപ്പെടുത്തി. വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റുകളും വ്യാജ വാഹന പരിശോധനാ സ്റ്റിക്കറുകളും വില്‍പന നടത്തുന്ന സൗദി പൗരനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി നിരീക്ഷിച്ചാണ് പ്രതിയെ ഇന്നലെ മക്കയിലെ എക്‌സ്പ്രസ്‌വേയില്‍ വെച്ച് വലയിലാക്കിയത്. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങളും സേവന വാഹനങ്ങളും പുണ്യസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള 330 ലേറെ വ്യാജ പെര്‍മിറ്റുകളും വാഹന പരിശോധനാ സ്റ്റിക്കറുകളും 38,000 ലേറെ റിയാലും സൗദി പൗരന്റെ കാറില്‍ കണ്ടെത്തി.