Sorry, you need to enable JavaScript to visit this website.

'ഗവർണർ വെറ്ററൻ ഗുണ്ട'; ബാനർ ഇയാളെ കടിച്ചോ എന്നും എം സ്വരാജ് 

മലപ്പുറം - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെറ്ററൻ ഗുണ്ടയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ ജനാധിപത്യപരമായി ബാനർ ഉയർത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധിക്കുന്നത്. ആ ബാനർ നീക്കം ചെയ്യാൻ പോലീസിന് നിർദേശം നൽകുന്നത് വെറ്ററൻ ഗുണ്ടയുടെ വിവരക്കേടാണെന്നും ബാനർ ഇയാളെ പിടിച്ച് കടിച്ചോയെന്നും എം സ്വരാജ് പരിഹസിച്ചു. 
 മുഖ്യമന്ത്രി നിർദേശം നൽകിയിട്ടാണോ എസ്.എഫ്.ഐ ബാനർ കെട്ടുന്നത്. എന്തൊരു വിവരക്കേടാണിയാൾ പറയുന്നത്. ആർ.എസ്.എസ് ഇരിക്കാൻ പറയുമ്പോൾ മുട്ടുകാലിൽ ഇഴഞ്ഞ് അവരുടെ പാദസേവ ചെയ്യുന്ന അവസരവാദി എഴാംകൂലിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹത്തിന്റെ ചെയ്തികൾ ഭരണഘടനാ വിരുദ്ധമാണെന്നും സ്വരാജ് വിമർശിച്ചു.
 കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക് ഗവർണറെ കയറാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ ഉയർത്തിയ കറുത്ത ബാനറുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ചിരുന്നു. തുടർന്ന് പോലീസിന് നേരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് ബാരിക്കേഡിൽ കയറി വീണ്ടും കറുത്ത ബാനർ ഉയർത്തിയിരിക്കുകയാണ്.
 സർവകലാശാലയിലെ ബാനർ നീക്കൽ പോലീസിന്റെ ഉത്തരവാദിത്തമല്ലെന്നും പോലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രതികരിച്ചു. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ പകരം നൂറെണ്ണം സ്ഥാപിക്കുമെന്നും ആർഷോ വ്യക്തമാക്കിയിരുന്നു.
 

Latest News