ജിദ്ദ - ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയ ആയിരക്കണക്കിന് പ്രസാധകര്‍ നാനൂര്‍ പവലിയനുകളായി പങ്കെടുത്ത ജിദ്ദ പുസ്തകമേള സമാപിച്ചു. സാംസ്‌കാരിക തുറമുഖങ്ങള്‍ എന്ന ബാനറില്‍ കഴിഞ്ഞ പത്ത് ദിവസമായി ജിദ്ദ സൂപ്പര്‍ ഡോം സെന്ററില്‍ നടന്ന പുസ്തക മേള 80 ലധികം പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക പരിപാടിയിലൂടെ സമഗ്രമായ വിജ്ഞാന യാത്രയാണ് അവതരിപ്പിച്ചത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റിയാണ് മേളയുടെ സംഘാടകര്‍.
സാംസ്‌കാരിക സെമിനാറുകള്‍, ഡയലോഗ് സെഷനുകള്‍, കവിയരങ്ങ്, കവിതാ സായാഹ്നങ്ങള്‍, പ്രസിദ്ധീകരണ മഖലയിലെ ശില്‍പശാലകള്‍, കോമിക്‌സ് ആന്റ് മാംഗ ചിത്ര കഥ പ്രദര്‍ശനം, ബുക്ക് ടോക്ക്, 'ദി ലാസ്റ്റ്' കവിയുടെ കഥ' നാടകപ്രദര്‍ശനം എന്നിങ്ങനെ പുസ്തക, സാഹിത്യ പ്രേമികളുടെ മനം കവരുന്ന പരിപാടികള്‍ പുസ്തകമേളയുടെ ആകര്‍ഷക ഇനങ്ങളായിരുന്നു.
എല്ലാ പ്രായക്കാര്‍ക്കും ഫ്രഞ്ച് ഭാഷ പഠിക്കാനും അത് പഠിക്കാനുള്ള രീതികള്‍ പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് 'ജിദ്ദ റീഡ്‌സ് ഫ്രഞ്ച്' സംരംഭം ഈ വര്‍ഷം പുസ്തകമേളയില്‍ അവതരിപ്പിച്ചു. 22 പവലിയനുകളിലായി 70 ലധികം പ്രസാധകര്‍ ഇത് സംബന്ധിച്ച നിരവധി പുസ്തകങ്ങള്‍, വൈജ്ഞാനിക സാമഗ്രികള്‍ എന്നിവ പൊതുജനങ്ങള്‍ക്കായി നിരത്തിവെച്ചു.
സൗദി സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും കവികളുടെയും ഗ്രന്ഥങ്ങള്‍ക്കായി പ്രത്യേക കോര്‍ണര്‍ ഒരുക്കിയിരുന്നു. നാടകം, പാവകളി, ഫാഷന്‍, പാചകം, സംഗീതം, ചിത്ര കഥ നിര്‍മാണ വര്‍ക്ക്‌ഷോപ്പുകള്‍, എഴുത്ത് ഏരിയ, സെന്‍സറി പ്ലേ എന്നിങ്ങനെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക പവലിയനും ഒരുക്കിയിരുന്നു.
പുസ്തകമേള കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്
സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റിയുടെ സിഇഒ ഡോ. മുഹമ്മദ് ഹസന്‍ അല്‍വാന്‍ നന്ദി പറഞ്ഞു.
പുസ്തമേള പദ്ധതിയില്‍ ഈ വര്‍ഷത്തെ നാലാമത്തേതും അവസാനത്തേതുമാണ് ജിദ്ദ പുസ്തക മേള. അടുത്ത വര്‍ഷം ആദ്യം കിഴക്കന്‍ പ്രവിശ്യ പുസ്തക മേള സംഘടിപ്പിക്കും.
സമൂഹത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കാനും അവബോധം വര്‍ധിപ്പിക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കി ഫലഭൂയിഷ്ഠവും ക്രിയാത്മകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമായി സൗദിയുടെ എല്ലാ ഭാഗങ്ങളിലും പുസ്തകമേളകള്‍ അടുത്ത വര്‍ഷം മുതല്‍ സംഘടിപ്പിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ കിഴക്കന്‍ പ്രവിശ്യ പുസ്തകമേളയും മെയ് മാസത്തില്‍ മദീന പുസ്തകമേളയും സെപ്തംബര്‍ അവസാന വാരം റിയാദ് അന്താരാഷ്ട്ര പുസ്തകമേളയും സംഘടിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.