Sorry, you need to enable JavaScript to visit this website.

'പിണറായി മുഖ്യമന്ത്രിയല്ല, പാർട്ടി നേതാവ്'; ക്രിമിനലുകളെ താലോലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

-  ഗവർണറെ ശ്രീനാരായണ ഗുരുവിന്റെ പരിപാടിയിൽ വിലക്കുന്നവർ പാണക്കാട് കുടുംബത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പച്ചക്കൊടി കാണിച്ചെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി - ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിന് ഒരുമ്പെട്ട എസ്.എഫ്.ഐ പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാർട്ടി നേതാവായി മാത്രമാണ് സംസാരിക്കുന്നതെന്നും വി മുരളീധരൻ വിമർശിച്ചു.
 കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പകരം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവർണറെയും കേന്ദ്രസർക്കാരിനെയും ചീത്ത വിളിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ക്രിമിനലുകളെ കൂടെക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ രീതി ജനം വിലയിരുത്തട്ടെ. 
 സി.പി.എം ഓഫീസിൽ നിന്ന് നല്കുന്ന ലിസ്റ്റിൽ ഒപ്പുവയ്ക്കുന്ന ആളല്ല ഇപ്പോഴത്തെ ഗവർണറെന്ന് പിണറായി മനസ്സിലാക്കുക. കമ്മ്യൂണിസത്തോട് വിയോജിച്ചവരെ ഇല്ലാതാക്കുന്ന രീതിയാണ് സി.പി.എമ്മിനുള്ളത്. ആരിഫ് മുഹമ്മദ് ഖാനോടുള്ള അസഹിഷ്ണുതക്കും ഇതേ കാരണമുള്ളൂ. സെനറ്റിലേക്ക് അംഗങ്ങളെ നോമിമേറ്റ് ചെയ്യാൻ സർവകലാശാല ചട്ടപ്രകാരം ചാൻലസലർക്ക് അധികാരമുണ്ട്. ആരുടേയും ശിപാർശ സ്വീകരിക്കേണ്ടതില്ല. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയത് പിണറായിയുടെ ആഹ്വാനമനുസരിച്ചായിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
 കാലിക്കറ്റ് സർവ്വകലാശാലയിൽ ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമ്പോൾ ഗവർണറെ തടയുമെന്ന് വീമ്പ് പറയുന്നവർ പാണക്കാട് തങ്ങളുടെ കുടുംബത്തിലെ വിവാഹത്തിന് പോകുമ്പോൾ ഗവർണറെ തടയാത്തത് എന്താണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ഗുരുദേവനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങൾ തിരുത്താൻ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള പണ്ഡിതർക്ക് കഴിയും. അതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News