മെട്രോ ട്രെയിന്‍ വാതിലില്‍ സാരി കുടുങ്ങി; പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച യുവതിക്ക് ദാരുണാന്ത്യം

ന്യൂദല്‍ഹി-ദല്‍ഹി മെട്രോയില്‍ വാതിലിൽ സാരി കുടങ്ങി പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഇന്ദര്‍ലോക് സ്‌റ്റേഷനിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി രണ്ടു ദിവസത്തിനുശേഷമാണ് മരിച്ചത്. പച്ചക്കറി വില്‍പനക്കാരിയായ  റീന(35)യാണ് മരിച്ചതെന്നും അപകടത്തെ തുടര്‍ന്ന്   സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു.  
മെട്രോയുടെ വാതിലുകള്‍ അടയ്ക്കുന്നതിനിടെ സാരിയുടെ ഒരു ഭാഗം കുടുങ്ങിയതിനെ തുടര്‍ന്ന്  റീന നിലത്ത്   വീഴുകയായിരുന്നു. യുവതി ട്രെയിനില്‍ നിന്ന് ഇറങ്ങിയതാണോ അതോ കയറിയതാണോ എന്ന് അറിയില്ല.
വ്യാഴാഴ്ച ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനില്‍  യാത്രക്കാരിയുടെ വസ്ത്രം  ട്രെയിനില്‍ കുടുങ്ങി ഇവര്‍ ശനിയാഴ്ച ആശുപത്രിയില്‍ മരിച്ചുവെന്നും ദല്‍ഹി മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാല്‍ പറഞ്ഞു. സംഭവത്തില്‍ മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ ദല്‍ഹിയിലെ നംഗ്ലോയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് യുവതിയുടെ ബന്ധുവായ വിക്കി പറഞ്ഞു. ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനില്‍ എത്തി ട്രെയിന്‍ മാറുമ്പോള്‍ സാരി കുടുങ്ങി. താഴെ വീണു ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു- യുവതിയുടെ ബന്ധു പറഞ്ഞു. ഏഴു വര്‍ഷം മുന്‍പാണ് റീനയുടെ ഭര്‍ത്താവ് മരിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്.

 

Latest News