തിരുവനന്തപുരം - കോവിഡ് കേസുകൾ വീണ്ടും റിപോർട്ട് ചെയ്യുന്നതിനിടെ, കേരളത്തിൽ കണ്ടെത്തിയ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് വിദഗ്ധർ. ഇത് ലോകത്ത് ഏറ്റവും കുടുതൽ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോൺ ജെ.എൻ 1 ആണെന്നാണ് റിപോർട്ടുകൾ.
വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് ജനിതക ഘടന പരിശോധിക്കുന്ന ലാബുകളുടെ കൺസോർഷ്യമായ ഇൻസാകോഗ് (INSACOG) പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലോകത്ത് പടർന്നുപിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ഒമിക്രോൺ ജെ.എൻ 1 വൈറസ്. വ്യാപന ശേഷി കൂടുതലാണ് എന്നതാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറിയ പങ്കും ജെ.എൻ 1 വകഭേദമാണെന്നാണ് റിപോർട്ടുകൾ. ഇതിനിടെയാണ് കേരളത്തിലും ഈ വകഭേദം കണ്ടെത്തിയത്. ഇന്ത്യയിൽ കൂടുതലായും റിപോർട്ട് ചെയ്തിരുന്ന എക്‌സ് ബി.ബി വകഭേദത്തെ അപേക്ഷിച്ച് ജെ.എൻ ഒന്നിന് വ്യാപനശേഷി കൂടുതലാണ്.
വാക്‌സിനിലൂടെയോ, ഒരിക്കൽ രോഗം വന്നതുകൊണ്ടോ ആർജിച്ചെടുത്ത പ്രതിരോധശേഷിയെ ജെ.എൻ ഒന്ന് വൈറസിലൂടെ മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ ജെ.എൻ 1 കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് വ്യാപന ശേഷി കൂടുതലായ ജെ.എൻ 1 കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവിൽ 1523 പേരാണിപ്പോൾ കോവിഡ് ബാധിച്ച് കേരളത്തിൽ ചികിത്സയിലുള്ളത്. ഇന്ത്യയിൽ നിലവിൽ 1701 ആക്ടീവ് കോവിഡ് കേസുകളുണ്ട്. പ്രതിദിനം 700 മുതൽ 1,000 വരെ കോവിഡ് പരിശോധനകൾ നടത്തുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്ക് റിപോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.
രാജ്യത്ത് ഈ മാസം ഇതുവരെ 15 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഒമ്പത് മരണവും കേരളത്തിലാണ്. ഇന്നലെ മാത്രം നാലു പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. സംഭവത്തിൽ ആശങ്ക വേണ്ടെന്നും കൂടുതൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.