കര്‍ണാടകയില്‍ ജാതി സെന്‍സസ് പുറത്തുവിടരുതെന്ന ആവശ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍

ശാമനൂര്‍ ശിവശങ്കരപ്പ

ബംഗളൂരു- കര്‍ണാടകയില്‍ ജാതി സെന്‍സസ് പുറത്തുവിടുന്നതിനെതിരെ രംഗത്തുവന്നവരില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 32 കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കൂടുതല്‍ ജനപ്രതിനിധികള്‍ രംഗത്തുവരുമെന്നും ലിംഗായത്ത് സംഘടനയായ വീരശൈവ മഹാസഭ പറയുന്നു.
വീരശൈവ മഹാസഭ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നല്‍കിയ നിവേദനത്തിലാണ് മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 32 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പിട്ടത്. മഹാസഭ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയുമായ ശാമനൂര്‍ ശിവശങ്കരപ്പയുടെ നേതൃത്വത്തിലാണ് വിവിധ പാര്‍ട്ടികളിലെ ലിംഗായത്ത് ജനപ്രതിനിധികളുടെ ഒപ്പു ശേഖരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കിയത്.
മന്ത്രിമാരായ എം.ബി.പാട്ടീല്‍, ഈശ്വര്‍ ഖണ്ഡ്രെ, ശിവാനന്ദ് പാട്ടീല്‍, ചീഫ് വിപ്പ് അശോക് പഠാന്‍ എന്നിവരാണ് നിവേദനത്തെ പിന്തുണച്ച പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയും ഉള്‍പ്പെടെ 17 ബിജെപി എം.എല്‍.എമാരും നിവേദനത്തില്‍  ഒപ്പിട്ടു. അശാസ്ത്രീയമായാണു സെന്‍സസ് നടത്തിയതെന്നും കൂടുതല്‍ ജനപ്രതിനിധികളുടെ ഒപ്പു ശേഖരിച്ച് മറ്റൊരു നിവേദനം കൂടി ഉടന്‍ നല്‍കുമെന്നും വീരശൈവ മഹാസഭ ദേശീയ സെക്രട്ടറി എച്ച്.എം.രേണുക പ്രസന്ന പറഞ്ഞു.

നേരത്തേ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉള്‍പ്പെടെ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ച്  മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. പ്രബല സമുദായങ്ങളായ വൊക്കലിഗയും ലിംഗായത്തും എതിര്‍പ്പുമായി രംഗത്തെത്തിയതു സര്‍ക്കാരിനു തിരിച്ചടിയായി.

 

Latest News