മുച്ചക്ര വാഹനത്തിലിരുന്ന് മുഖ്യമന്ത്രിക്ക് കരിങ്കൊടി, അജി കണ്ടല്ലൂരിനെ ആഞ്ഞു ചവിട്ടി

കായംകുളം-നവകേരള സദസ്സിലേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചവിട്ടിയെന്നും പരാതിയുണ്ട്. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അജി കണ്ടല്ലൂരിനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആഞ്ഞു ചവിട്ടിയെന്നാണ് പരാതി. പോലീസ് കേസെടുത്തു.  
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം എത്തിയപ്പോഴാണു മുച്ചക്ര വാഹനത്തിലിരുന്ന് അജി കരിങ്കൊടി കാണിച്ചത്. പോലീസ് സംഘമെത്തി അജിയെ അവിടെനിന്നു പിടിച്ചു കൊണ്ടുപോയി. ഈ സമയത്താണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഓടിയെത്തിയത്. ഇതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ പോലീസുകാരെ തള്ളിമാറ്റി അജിയെ ആഞ്ഞു ചവിട്ടുകയായിരുന്നു.
ഇടശേരി ജംക്ഷനില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉള്‍പ്പെടെ എട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

 

Latest News