നവകേരള സദസ് ക്ഷണത്തോട് മുഖംതിരിച്ച്  മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

പത്തനംതിട്ട- നവകേരള സദസ്സ് ക്ഷണത്തോട് മുഖംതിരിച്ച് മുസ്‌ലിം  ജമാഅത്ത് കമ്മിറ്റി. പ്രഭാത യോഗത്തില്‍ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കില്ല. സദസിലേക്ക് ഇമാമിനു ഉള്‍പ്പെടെ നവകേരളാ സദസിലേക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട ഭിന്നതയാണ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിന് കാരണമായത്. സംസ്‌ക്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതിനെ ജമാഅത്ത് കമ്മിറ്റി നേരത്തെ വിമര്‍ശിച്ചിരുന്നു.
സ്വന്തം ജില്ലക്കാരിയായ മന്ത്രി വീണാ ജോര്‍ജ് എത്തിയില്ലെന്നായിരുന്നു മുസ്‌ലിം  ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞത്. മന്ത്രി വരാത്തതില്‍ വിഷമം ഉണ്ട്. അത് ഒരു കുറവായി തന്നെ കാണുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാന്‍ പറഞ്ഞിരുന്നു. മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും. മുനിസിപ്പല്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ പോലുമുള്ള മനസ്സുണ്ടായില്ലെന്നും ഭാരവാഹികള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, മറ്റു ലക്ഷ്യങ്ങള്‍ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചു എന്നും ജമാഅത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
നവ കേരള സദസ്സ് ഉള്ളതിനാല്‍ മന്ത്രിമാര്‍ക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും സംസ്‌കാര ചടങ്ങുകളിലും മന്ത്രിമാര്‍ പങ്കെടുത്തിട്ടുണ്ടെന്നും കേരള സര്‍ക്കാരിന്റെ സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചതല്ലെന്നും ജമാഅത്ത് കമ്മിറ്റി വിമര്‍ശിച്ചു. സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ ആണ് മുഖ്യമന്ത്രി ചോദ്യം ചെയ്തതെന്നും ഇത് സമുദായത്തെയാകെ വേദനിപ്പിച്ചു. തങ്ങള്‍ പ്രകടിപ്പിച്ച വിഷമം ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണെന്നും ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവിയും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാനും പ്രതികരിച്ചിരുന്നു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ജസ്റ്റിസ് ഫാത്തിമബീവിയുടെ അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1927 ഏപ്രില്‍ 30-ന് പത്തനംതിട്ട ജില്ലയില്‍ അണ്ണാവീട്ടില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം.

Latest News