നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്;  നാലംഗ സംഘം ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ- കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്നാട്, ആന്ധ്രാ സ്വദേശികള്‍ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരന്‍, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്ഡി, ദിവാകര്‍ റെഡ്ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എന്‍. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നിഖിലിനു നിര്‍മിച്ചു കൈമാറിയത് റിയാസ് ആണ്.
ഇവരുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും, ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. എംഎസ്എം കോളജിലെ എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍, ബികോം പൂര്‍ത്തിയാക്കാതെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വന്‍ വിവാദം ആയിരുന്നു.

Latest News