കമല്‍നാഥിന് സ്ഥാനചലനം; മധ്യപ്രദേശില്‍ ജിതു പട്‌വാരി കോണ്‍ഗ്രസ് പ്രസിഡന്റ്

ന്യൂദല്‍ഹി- മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും കമല്‍നാഥിനെ മാറ്റി. ഒ. ബി. സി നേതാവ് ജിതു പട്‌വാരിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗ അസംബ്ലി മണ്ഡലത്തില്‍ നിന്നും ബി. ജെ. പി സ്ഥാനാര്‍ഥിയോട് 35,000 വോട്ടുകള്‍ക്ക് പരാജയപ്പട്ട പട്‌വാരിയെ പ്രസിഡന്റായി നിയമിച്ചതിന് പിന്നില്‍ നിര്‍ണായക സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ തുടക്കം കുറിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. 

മധ്യപ്രദേശില്‍ കമല്‍നാഥിന് സ്ഥാനചലനം വന്നെങ്കിലും ഛത്തീസ്ഗഢിലെ പരാജയത്തിന് സംസ്ഥാന പ്രസിഡന്റ് ദീപക് ബൈജിനെ മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടില്ല. 

മധ്യപ്രദേശില്‍ ഉമംഗ് സിംഗാറിനെയാണ് നിയമസഭാ കക്ഷി നേതാവായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ഹേമന്ത് കടാരെയെ ഉപനേതാവായും തെരഞ്ഞെടുത്തു. ഉമംഗ് സിംഗാര്‍ മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവായിരിക്കും. 

തലമുറ മാറ്റത്തിന് പുറമേ ജാതി സന്തുലിതമാക്കാനുള്ള ശ്രമങ്ങളുമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബ്രാഹ്‌മണ ജാതിയില്‍ നിന്നുള്ള കമല്‍നാഥിന് പകരം മറ്റു പിന്നാക്ക വിഭാഗക്കാരനായ ജിതു പട്‌വാരിയെ നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. മുന്‍ ഉപമുഖ്യമന്ത്രിയും ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന അന്തരിച്ച ജമുനാ ദേവിയുടെ അനന്തരവനും ഗോത്രവര്‍ഗക്കാരനുമാണ് ഉമംഗ് സിംഗ്ഹാര്‍.

Latest News