Sorry, you need to enable JavaScript to visit this website.

കാലിക്കറ്റിൽ സംഘർഷം; ഗവർണറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്.എഫ്.ഐ, ഭയമില്ലെന്ന് ഗവർണർ

- പോലീസ് ബന്തവസ്സിനിടയിലും കവാടത്തിൽ അടക്കം 'സംഘി ഗവർണർ തിരിച്ചു പോവുക' എന്ന മൂന്ന് വലിയ ബാനർ ഉയർത്തി സമരക്കാർ
തേഞ്ഞിപ്പാലം (കോഴിക്കോട്) -
ഗവർണറെത്തും മുമ്പേ കരിങ്കൊടി ബാനർ ഉയർത്തിയും ഗോബാക്ക് വിളികളുമായി കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷാവസ്ഥ. ഗസ്റ്റ് ഹൗസിന് മുമ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കരിങ്കൊടി ഉയർത്തി കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണിപ്പോൾ. 
 പോലീസ് ഒരുഭാഗത്ത് അറസ്റ്റ് നീക്കവുമായി മുന്നോട്ടു പോകുമ്പോൾ മറുഭാഗത്ത് മുദ്രാവാക്യം വിളികളുമായി സമരം അവസാനിപ്പിക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കുകയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടേയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആർ.എസ്.എസ് അജണ്ടയുമായി നടക്കുന്ന ഗവർണറെ സർവകലാശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് എസ്.എഫ്.ഐ സമരം. 
 സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും പാൻപരാഗ് മുറുക്കി തുപ്പി നടക്കുന്ന ആർ.എസ്.എസുകാരനാണ് ഗവർണറെന്നും ആർഷോ ആരോപിച്ചു. ജീവൻ കൊടുക്കേണ്ടി വന്നാലും ചാൻസലറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നും ആർഷോ പറഞ്ഞു.
  ചാൻസലർ ഫാസിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതിയെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാൻസലർക്ക് എവിടെനിന്ന് കിട്ടിയെന്നും അനുശ്രീ ചോദിച്ചു. പോലീസ് ബന്തവസ്സിനിടയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ്.എഫ്.ഐ കറുത്ത ബാനറുയർത്തി. 'സംഘി ഗവർണ്ണർ തിരിച്ച് പോവുക' എന്നതടക്കം മൂന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്.
 ഡൽഹിയിൽനിന്ന് വൈകിട്ട് 6.20ന് കരിപ്പൂരിൽ എത്തുന്ന ഗവർണർ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ കറുത്ത ബാനറുമായി ഗോബാക്ക് വിളികളുമായി സംഘടിച്ച എസ്.എഫ്.ഐ പ്രവർത്തകരെ നേരിടാൻ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ആരെയും ഭയമില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകരെ ഗുണ്ടകളെന്നു വിശേഷിപ്പിച്ചുമാണ് കോഴിക്കോട്ടേക്ക് തിരിക്കും മുമ്പ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. തിങ്കളാഴ്ച ക്യാമ്പസിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണ്ണറുടെ സർവ്വകലാശാലയിലെ പ്രധാന പരിപാടി. 

Latest News