വന്യമൃഗങ്ങള്‍ തുടരെ ഭീഷണിയാകുന്നു, നിലമ്പൂരില്‍ കരടിയിറങ്ങി, ബൈക്ക് യാത്രക്കാരന്റെ മുന്നിലേക്ക് ചാടി

മലപ്പുറം - വന്യമൃഗങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ജീവിതത്തിന് തുടരെ ഭീഷണിയാകുന്നു. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഇന്നലെ രാത്രി കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു.  യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കര്‍ഷകന്‍ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ കരടി നശിപ്പിച്ചിരുന്നു. അതേമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചില്‍ നടത്തനായി സംഘത്തില്‍ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. വനവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞദിവസം പാലക്കാട് ധോണിയില്‍ പുലിയിറങ്ങിയതായി സംശയം ഉയര്‍ന്നു. ചേറ്റില്‍വെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ ജനങ്ങളാകെ ഭീതിയിലാണ്.

 

Latest News