Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിന്റെ ഫലസ്തീന്‍ ആക്രമണം; ലോകത്ത് 118 രാജ്യങ്ങളില്‍ ഏഴായിരത്തിലേറെ പ്രതിഷേധങ്ങള്‍

ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ലോകമെമ്പാടും കഴിഞ്ഞ രണ്ടു മാസമായി ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. ജക്കാര്‍ത്ത മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോ വരെ പ്രതിഷേധം അരങ്ങേറുന്നുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

7,700-ലധികം കുട്ടികള്‍ ഉള്‍പ്പെടെ 18,700-ലധികം ആളുകളെയാണ് ഗാസയില്‍ ഇസ്രായില്‍ കൊന്നൊടുക്കിയത്. സംഘര്‍ഷ വിവര ശേഖരണത്തില്‍ വൈദഗ്ധ്യമുള്ള സര്‍ക്കാരിതര സംഘടനയായ ആംഡ് കോണ്‍ഫ്‌ളിക്റ്റ് ലൊക്കേഷന്‍ ആന്റ് ഇവന്റ്‌സ് ഡാറ്റ പ്രോജക്റ്റ് അനുസരിച്ച് ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 24 വരെ 118 ലധികം രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലായി കുറഞ്ഞത് 7,283 ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. 

ഫലസ്തീന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മ 2005ല്‍ സ്ഥാപിച്ച ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബി. ഡി. എസ്) പ്രസ്ഥാനത്തിന് ഇന്ധനം നല്‍കി ഇസ്രായിലിനെ പിന്തുണയ്ക്കുന്നവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാനാണ് പലരും തങ്ങളുടെ പ്രതിഷേധ രീതിയായി തെരഞ്ഞെടുത്തത്. തങ്ങളുടെ വാങ്ങല്‍ ശേഷി ഉപയോഗിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. 

പ്രതിഷേധ ശബ്ദങ്ങള്‍ അനുവദിക്കാത്ത കാമ്പസുകള്‍
ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തിനെതിരെ സംസാരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ ഭീഷണിയും സെന്‍സര്‍ഷിപ്പും നേരിട്ടതായി പറഞ്ഞു.
കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രായിലിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയെന്നാണ് കൊളംബിയ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥി ഡാരിയ മതീസ്‌കു പറഞ്ഞത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂട്ടായ വിമോചനത്തിന്റെ മുന്‍നിരയായി ഫലസ്തീനെ കാണുന്ന 80-ഓളം വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ കൊളംബിയ യൂണിവേഴ്‌സിറ്റി അപാര്‍ട്ടെയ്ഡ് ഡൈവെസ്റ്റ് വിദ്യാര്‍ഥി ഗ്രൂപ്പിനെ നയിക്കുന്ന ആദ്യ തലമുറ റൊമാനിയന്‍ അമേരിക്കക്കാരനാണ് 25കാരനായ മതീസ്‌കു.

വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങള്‍ സര്‍വകലാശാല ശ്രദ്ധിക്കുന്നില്ലെന്ന് താനും തന്റെ സമപ്രായക്കാരും കരുതുന്നുവെന്നും അവര്‍ പറഞ്ഞു. 

കാമ്പസിനകത്തും പുറത്തുമുള്ള പ്രതിഷേധങ്ങള്‍ക്ക് പുറമേ സമൂഹത്തിലെ പലരും അവര്‍ വിശ്വസിക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ച് ഉപഭോക്തൃ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് മാറ്റീസ്‌കു പറഞ്ഞു.

മക്ഡൊണാള്‍ഡ്സ്, സ്റ്റാര്‍ബക്സ് പോലുള്ളവയുടെ   ബഹിഷ്‌കരണങ്ങളെ ആളുകള്‍ പരിഗണിക്കുന്നുണ്ടെന്നും തങ്ങള്‍ ഇവ വാങ്ങിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 

യു. കെയിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും ഫലസ്തീനിലെ സംഭവങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി പരിപാടികള്‍ നടത്തിവരുന്നു.

ഫലസ്തീനെ പരസ്യമായി പിന്തുണക്കുന്നത് തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നതിനാല്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കണമെന്ന് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

2005ല്‍ ഫലസ്തീന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മ സ്ഥാപിച്ച ബി. ഡി. എസ് പ്രസ്ഥാനം പല യു. എസ്, കനേഡിയന്‍ കാമ്പസുകളിലും യു. എസിലെ 35 സംസ്ഥാനങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവര്‍ ആഗോളതാത്പര്യം പ്രകടമാക്കി രംഗത്തുണ്ട്. 

ഈ പ്രസ്ഥാനം ഇസ്രായിലിന്റെ വര്‍ണ്ണവിവേചനവും കുടിയേറ്റ കൊളോണിയലിസവും എതിര്‍ക്കുന്നതോടൊപ്പം ഫലസ്തീനികള്‍ മറ്റ് മനുഷ്യരാശിയുടെ അതേ അവകാശങ്ങള്‍ക്ക് അര്‍ഹരാണ് എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ പ്രസ്ഥാനം, യു. എസ് പൗരാവകാശ പ്രസ്ഥാനം, ഇന്ത്യന്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ നയങ്ങളില്‍ നേരിട്ട് പങ്കുള്ള തെരഞ്ഞെടുത്ത കമ്പനികളിലും ഉത്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബഹിഷ്‌കരണം ഫലപ്രദമാക്കാനാണ് ബി. ഡി. എസ് ലക്ഷ്യമിടുന്നത്.

ഫലസ്തീനികള്‍ക്കെതിരായ നീക്കത്തില്‍ പങ്കാളിത്തം തെളിയിക്കപ്പെട്ടിട്ടുള്ള ബ്രാന്‍ഡുകളുടെ ബഹിഷ്‌കരണം, ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായില്‍ അധിനിവേശം സാധ്യമാക്കുന്ന കമ്പനികളുമായി വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാരുകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം, ഫലസ്തീനികള്‍ക്കെതിരായി നടക്കുന്ന ആക്രമങ്ങള്‍ക്ക് പിന്തുണയേകുന്ന ബ്രാന്റുകളിലും സേവനങ്ങളിലും അവരുടെ പങ്കാളിത്തം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ ആളുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടുക, ഫലസ്തീനികള്‍ക്കെതിരായി ഇസ്രായില്‍ അക്രമങ്ങളെ പരസ്യമായി പിന്തുണക്കുന്ന ബ്രാന്റുകളുടെ അടിവേരടക്കം ബഹിഷ്‌ക്കരിക്കുക എന്ന് നാല് പ്രവര്‍ത്തനങ്ങളാണ് ബി. ഡി. എസ് നിര്‍വഹിക്കുന്നത്.

Latest News