കാറിന് സൈഡ് നല്‍കിയില്ല; യുവാവിനെ നാലുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട അബൂഅരീശില്‍ നാലംഗ സംഘം യുവാവിനെ അടിച്ചുകൊലപ്പെടുത്തി. മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെട്ട സംഘം വ്യാഴാഴ്ച അര്‍ധരാത്രിയാണ് റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
മെയിന്‍ റോഡില്‍ വെച്ച് തങ്ങളുടെ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് സംഘം യുവാവിനെ കാര്‍ തടഞ്ഞ് ക്രൂരമായി ആക്രമിച്ചത്. നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സംഘം യുവാവിനെ മര്‍ദിച്ചത്. യുവാക്കളെ പിടിച്ചുമാറ്റുന്നതിനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല.
 
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിലംപതിച്ച യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി കവാടത്തിനു മുന്നില്‍ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. സംഘം യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പകര്‍ത്തിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ പിന്നീട് അബൂഅരീശ് പോലീസ് അറസ്റ്റ് ചെയ്തു.

Latest News