ന്യൂദല്‍ഹി- പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ജനനതീയതി തെളിയിക്കുന്ന രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കുകയില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പലപ്പോഴും ആധാര്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ജനനതീയതിയും പാസ്‌പോര്‍ട്ട് അപേക്ഷകന്റെ ആകാരവും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടുവന്നിട്ടുണ്ടെന്നും,അത്തരം വ്യക്തികളുടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ജനന സര്‍ട്ടിഫിക്കറ്റ് ,വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് രേഖകളുടെ കൂടി പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വി .മുരളീധരന്‍ വ്യക്തമാക്കി.
കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഹെവിഎഞ്ചിനീയറിംഗ് കോര്‍പറേഷനില്‍ മാസങ്ങളായി ശമ്പളം കുടിശ്ശികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു ചോദ്യത്തിനു മറുപടി നൽകി. ശമ്പളം ഇനത്തില്‍ 123.36 കോടി രൂപയും ഗ്രാറ്റുവിറ്റി, ലീവ് സാലറി, പ്രൊവിഡന്റ് ഫണ്ട് വകയില്‍ 194.33 കോടിയുമായി, 317.69 കോടിയാണ് കുടിശ്ശികയുണ്ടെന്ന് ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തി.
രാജ്യസഭയില്‍ വി ശിവദാസന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇ്ക്കാര്യം പറഞ്ഞത്. മൊബൈല്‍ ലോഞ്ചിംഗ് പെഡസ്റ്റല്‍, ഹാമര്‍ ഹെഡ് ടവര്‍ ക്രെയിന്‍, ഫോള്‍ഡിംഗ് കം വെര്‍ട്ടിക്കല്‍ റീപോസിഷനബിള്‍ പ്ലാറ്റ് ഫോം, ഹൊറിസോണ്ടല്‍ സ്ലൈഡിംഗ് ഡോറുകള്‍ എന്നിവ ഐ.എസ്ആര്‍ഒയിലേക്ക് നിര്‍മിച്ചു നല്‍കിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഹെവി എഞ്ചിനീയറിംഗ് കോര്‍പറേഷന്‍. ചന്ദ്രയാന്‍ ദൗത്യത്തിലെ വിജയം രാജ്യം ആഘോഷിക്കുന്ന വേളയില്‍, ഐ എസ് ആര്‍ ഓ യിലേക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയ സ്ഥാപനത്തിലെ 18 മാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ ദയനീയമായ അവസ്ഥ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ശാസ്ത്രമേഖലയുടെ വളര്‍ച്ചക്ക് വിലപ്പെട്ട സംഭാവന നല്‍കിയ പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികളോട് അതിക്രൂരമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് വി ശിവദാസന്‍ എംപി ആരോപിച്ചു. പൊതുമേഖലയെ തകര്‍ത്തു സ്വകാര്യമേഖലയ്ക്ക് ചുളുവിലയ്ക്ക് കൈമാറുകയാണ് ബിജെപി സര്‍ക്കാര്‍. ഈ നയത്തിന്റെ ഭാഗമായി, ഹെവി എഞ്ചിനീയറിംഗ് കോര്‍പറേഷനെ നഷ്ടത്തിലാക്കി പൂട്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും വി ശിവദാസന്‍ എംപി പറഞ്ഞു.