Sorry, you need to enable JavaScript to visit this website.

റെഡ് ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിലും ഇനി കെ. എസ്. ആര്‍. ടി. സി

തിരുവനന്തപുരം- കെ. എസ്. ആര്‍. ടി. സി ബസ് ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെഡ്ബിലും. യാത്രക്കാര്‍ക്ക് കേരളത്തിനകത്തുള്ള റൂട്ടുകളിലും കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ബസ് ബുക്കിങ് ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും.

പുതിയ ഉപയോക്താക്കള്‍ക്ക് ബസ് ടിക്കറ്റിന് കിഴിവും റെഡ്ബസ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ. എസ്. ആര്‍. ടി. സി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമേ റെഡ് ബസിന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. കെ. എസ്. ആര്‍. ടി. സിയുടെ എണ്ണൂറിലധികം ബസ് സര്‍വീസുകള്‍ ഇപ്പോള്‍ റെഡ്ബസില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി ലഭ്യമാണ്.

സ്വിഫ്റ്റ്-ഗജരാജ് മള്‍ട്ടി ആക്സില്‍ വോള്‍വോ എസി സ്ലീപ്പര്‍ ബസുകള്‍, എസി മള്‍ട്ടി ആക്സില്‍ ലോവര്‍ ഫ്ളോര്‍, സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്, മിന്നല്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്, സൂപ്പര്‍ ഫാസ്റ്റ്, സ്വിഫ്റ്റ്-ഹൈബ്രിഡ് നോണ്‍ എസി സീറ്റര്‍ കം സ്ലീപ്പര്‍, സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റര്‍ കം സ്ലീപ്പര്‍, സ്വിഫ്റ്റ്-ഡീലക്‌സ് എയര്‍ ബസ്, സൂപ്പര്‍ എക്‌സ്പ്രസ് എയര്‍ ബസ്, സ്വിഫ്റ്റ്-ഗരുഡ എസി സീറ്റര്‍ ബസ്, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എയര്‍ ബസ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങി കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗത്തിലുള്ള ബസുകളും റെഡ്ബസ് വഴി ബുക്ക് ചെയ്യാം.

യാത്രക്കാര്‍ക്ക് ബുക്കിങ് കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് കൂടുതല്‍ പ്ലാറ്റ്ഫോമുകളിലൂടെ സേവനങ്ങള്‍ എത്തിക്കുന്നതെന്ന് കെ. എസ്. ആര്‍. ടി. സി അറിയിച്ചു.

Latest News