Sorry, you need to enable JavaScript to visit this website.

സൗദിയിലെ പ്രധാന നഗരങ്ങളില്‍ പുതിയ ടാക്‌സി ലൈസന്‍സുകള്‍ നിര്‍ത്തി

ജിദ്ദ - റിയാദ്, ജിദ്ദ, മദീന, ദമാം മെട്രോപോളിറ്റന്‍ (ദമാം, അല്‍കോബാര്‍, ദഹ്‌റാന്‍, ഖത്തീഫ്) എന്നീ നഗരങ്ങളില്‍ പബ്ലിക് ടാക്‌സി കമ്പനികള്‍ക്കും നിലവിലുള്ള കമ്പനികളില്‍ പുതിയ ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ കൈക്കൊണ്ട തീരുമാനം ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. പുതിയ ടാക്‌സി കമ്പനികള്‍ക്കും നിലവിലുള്ള കമ്പനികളില്‍ പുതിയ ടാക്‌സികള്‍ ഏര്‍പ്പെടുത്തുന്നതിനും ഇതിനകം പൊതുഗതാഗത അതോറിറ്റിയില്‍ നല്‍കിയ അപേക്ഷകളെ പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി പബ്ലിക് ടാക്‌സി സര്‍വീസിനു വേണ്ടി കമ്പനികള്‍ വാങ്ങിയ കാറുകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ലൈസന്‍സ് അപേക്ഷകളിലും പുതിയ കാറുകള്‍ ടാക്‌സികളായി രജിസ്റ്റര്‍ ചെയ്യാനുമുള്ള തുടര്‍ നടപടിക്രമങ്ങള്‍ മൂന്നു മാസത്തിനകം കമ്പനികള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.
റിയാദ്, ജിദ്ദ, മദീന, ദമാം മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി കമ്പനികള്‍ ലൈസന്‍സുകള്‍ പുതുക്കാന്‍ സമീപിക്കുമ്പോള്‍ കമ്പനികളുടെ പക്കലുള്ള അതേ എണ്ണം കാറുകള്‍ക്കു മാത്രമായിരിക്കും ലൈസന്‍സ് പ്രകാരം അനുമതി നല്‍കുക. പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന നഗരങ്ങളില്‍ പുതിയ ടാക്‌സി കമ്പനികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകളും നിലവിലുള്ള കമ്പനികളില്‍ പുതിയ ടാക്‌സികള്‍ ഏര്‍പ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി കൈക്കൊണ്ടതെന്ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീരുമാനം പറഞ്ഞു.

 

 

Latest News