ഗര്‍ഭ ധാരണവും പ്രസവവും സ്ത്രീകളുടെ ജോലി ആഗ്രഹത്തിന് തടസ്സമാകരുതെന്ന് ഹൈക്കോടതി

കൊച്ചി- ഗര്‍ഭധാരണമോ മാതൃത്വമോ ഒരു സ്ത്രീയുടെ ജോലിക്കുള്ള ആഗ്രഹത്തിന് തടസമാവരുതെന്ന് ഹൈക്കോടതി. സാഹചര്യത്തിന് അനുസരിച്ചും യാഥാര്‍ഥ്യ ബോധത്തോടെയുമാവണം ലിംഗസമത്വം നടപ്പാക്കേണ്ടെതെന്നും ഹൈക്കോടതി പറഞ്ഞു. 

റേഡിയോ ഡയഗ്‌നോസിസ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മറ്റേണിറ്റി അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷ പ്രവൃത്തിപരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. 

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗര്‍ഭധാരണത്തിന്റെ ഭാരമില്ല. അതുകൊണ്ടുതന്നെ നിയമനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീയേക്കാള്‍ പുരുഷന്മാര്‍ക്ക് മുന്നിലെത്താനാവും. ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെ സ്ത്രീയെ പിന്നിലാക്കുന്ന അവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു.

മാതൃത്വം കാരണം സ്ത്രീ പലതിലും പിന്നിലാവുന്നത് ലിംഗവിവേചനമാണ്. ലിംഗ സമത്വം പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാതൃത്വം സര്‍ക്കാര്‍ ജോലിയെന്ന സ്ത്രീയുടെ അഭിലാഷത്തെ ഹനിക്കുന്ന സാഹചര്യം ഇല്ലാതാക്കണം. ഇതിനുതകുന്ന നിയമവും ചട്ടവും നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രസവ അവധിയിലായതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം നേടാനായില്ലെന്നുകാട്ടി കോഴിക്കോട് സ്വദേശി ഡോ. ആതിരയും കൊല്ലം സ്വദേശി ആര്യയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. എഴുത്തു പരീക്ഷ ആവുമ്പോഴേയ്ക്കും നിശ്ചിത പ്രവൃത്തി പരിചയം നേടാമെന്നു കാട്ടി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് അഡ്മിനസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇരുവര്‍ക്കും പി. എസ്. സി നിര്‍ദേശിക്കുന്ന സമയത്തില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

Latest News