കോട്ടയം - കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തെ കണക്കെടുത്താല്‍ കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിന്റെ കൈയില്‍ ലഭിക്കേണ്ട പണത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കൃത്യമായി പറഞ്ഞാല്‍ 1,07500 കോടി രൂപയാണ് കുറവ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് കടമെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ''2016 മുതല്‍ 83000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പ എടുക്കും. അതു കൃത്യമായി തിരിച്ചടിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഏജന്‍സി എന്ന നിലയില്‍ കിഫ്ബി വലിയ വിശ്വാസ്യതയാണ് നേടിയത്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ വലിയ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും നല്ല നിലയ്ക്ക് വായ്പകള്‍ എടുക്കാനും കേരളത്തിന് അത് ചെലവഴിക്കാനും കഴിഞ്ഞത്. എന്നാല്‍ കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനിയുടെ കടവും സംസ്ഥാന കടമായി പരിഗണിക്കും എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ കയ്യില്‍ ലഭിക്കേണ്ട പണത്തില്‍ വലിയ കുറവ് വരും.'' ഇത് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.