പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂദല്‍ഹി -പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി പോലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രമാണ് നല്‍കിയത്. ലോകസഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പോലീസ് കോടതിയില്‍ ഉന്നയിച്ച ആവശ്യം. സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പോലീസ് കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരുത്താനാകൂ എന്നായിരുന്നു പോലീസിന്റെ വാദം. ലഖ്നൗവില്‍ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് പ്രതികള്‍  ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ക്യാനിസ്റ്ററുകള്‍ വാങ്ങിയത്. പ്രതികള്‍ ചില ലഘുലേഖകള്‍ കൈവശം വച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

 

Latest News