പ്രളയമുഖത്തു നിന്ന് ഹെലികോപ്ടറില്‍ പൂര്‍ണഗര്‍ഭിണി ആശുപത്രിയിലേക്ക്

കോട്ടയം- പ്രളയമുഖത്തു നിന്ന് ഹെലികോപ്ടറില്‍ പൂര്‍ണഗര്‍ഭിണി ആശുപത്രിയിലേക്ക്. രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡംഗം സിബിയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ എയ്ഞ്ചല്‍വാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ സാധിച്ചു. കോട്ടയം ജില്ല ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ചെക്കപ്പിനു ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റി. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.

 

Latest News