അമ്മായിയമ്മയെ താഴെ തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

കൊല്ലം - അമ്മായിയമ്മയെ അടിച്ച് കസേരയില്‍ നിന്ന് താഴെ തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഹയര്‍ സെക്കണ്ടറി അധ്യാപികയായ മരുമകള്‍ അറസ്റ്റിലായി. തേവലക്കര സ്വദേശിനി ഏലിയാമ്മ വര്‍ഗീസിനെ മര്‍ദ്ദിച്ച മരുമകള്‍ മഞ്ജുമോള്‍ തോമസിനെയാണ് (42) വധശ്രമം ഉള്‍പ്പെടെ ജാമ്യില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. മഞ്ജുമോള്‍ ഏലിയാമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്.  യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്. 
യുവതി വൃദ്ധയോട് വളരെ മോശമായ ഭാഷയില്‍ ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട്. പിന്നീട്  വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോട് വൃദ്ധ ആവശ്യപ്പെടുന്നത് കേള്‍ക്കാം.
 ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും  പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രോഷം ഉയര്‍ന്നിരുന്നു.

Latest News