Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ്

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനുള്ള പുതിയ കരാറിന്റെ ഒപ്പുവെക്കൽ ചടങ്ങ്. 

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കൺസോർഷ്യവുമായി ഏഴു വർഷത്തെ കരാർ ഒപ്പുവെച്ചതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. ജർമനിയിലെ ഹാംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെബർ ഹൈൻമാൻ കമ്പനിയുടെ നേതൃത്വത്തിൽ ഏതാനും കമ്പനികൾ അടങ്ങിയ കൺസോർഷ്യമാണ് ജിദ്ദ എയർപോർട്ട് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പ് കരാർ നേടിയത്. 
ഒന്നാം നമ്പർ ടെർമിനലിലും നോർത്ത് ടെർമിനലിലും നിർഗമന ഏരിയകളിൽ പതിനായിരത്തിലേറെ ചതുരശ്രമീറ്റർ വിസ്തിയിലുള്ള പ്രദേശത്താണ് പുതിയ കൺസോർഷ്യം ഡ്യൂട്ടിഫ്രീ ഷോപ്പുകൾ പ്രവർത്തിപ്പിക്കുക. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് പുതിയ കരാർ ഒപ്പുവെച്ചത്. ജിദ്ദ എയർപോർട്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റാഇദ് അൽമുദൈഹിമിന്റെ സാന്നിധ്യത്തിൽ ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ അയ്മൻ അബൂഅബാ ആണ് കരാറിൽ ഒപ്പുവെച്ചത്. 
ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് പുതിയ ലൈസൻസ് നൽകുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ ജിദ്ദ എയർപോർട്ടിന് അധിക നേട്ടമുണ്ടാക്കുമെന്ന് എൻജിനീയർ റാഇദ് അൽമുദൈഹിം പറഞ്ഞു. വ്യോമയാന മേഖലയിൽ 30 വർഷത്തിലേറെ പരിചയസമ്പത്തുള്ള പുതിയ കൺസോർഷ്യത്തിനാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പ് കരാർ നൽകിയിരിക്കുന്നത്. അതിവേഗ വളർച്ച കൈവരിക്കുന്ന എയർപോർട്ടുകളിൽ ഒന്നാണ് ജിദ്ദ വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസുകളുടെ എണ്ണത്തിലും ലോകത്ത് ഏറ്റവും വലിയ വളർച്ചയുള്ള വിമാനത്താവളങ്ങളിൽ ഒന്നായി മാറുകയെന്ന ജിദ്ദ എയർപോർട്ടിന്റെ ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെട്ടുപോകുന്നു. 
ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിനും വ്യോമഗതാഗത മേഖലയിലെ പുതിയ സംഭവവികാസങ്ങൾക്കും അനുസൃതമായി യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ജിദ്ദ എയർപോർട്ട് തുടർച്ചയായി ശ്രമിക്കുന്നു. പ്രതിവർഷം 11.4 കോടിയിലേറെ യാത്രക്കാർക്ക് സേവനങ്ങൾ നൽകാനും ജിദ്ദയിൽ നിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 150 ആയി ഉയർത്താനും 2030 ഓടെ വ്യോമയാനേതര വരുമാനം ആകെ വരുമാനത്തിന്റെ 45 ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നു. ഇവ കൈവരിക്കാൻ വ്യക്തമായ പദ്ധതിയോടെ ഉറച്ച ചുവടുവെപ്പുകളുമായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി മുന്നോട്ടുപോവുകയാണെന്നും എൻജിനീയർ റാഇദ് അൽമുദൈഹിം പറഞ്ഞു. 
ലോകത്തെ ഏറ്റവും മികച്ച ഡ്യൂട്ടിഫ്രീ ഷോപ്പ് ഒരുക്കി സേവനങ്ങൾ വികസിപ്പിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ അയ്മൻ അബൂഅബാ പറഞ്ഞു. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാൻ കരാർ സഹായിക്കുമെന്നും അയ്മൻ അബൂഅബാ പറഞ്ഞു.
1879 ൽ ഹാംബർഗിൽ സ്ഥാപിതമായ ജെബർ ഹൈൻമാൻ നിലവിൽ ലോകത്തെ 28 രാജ്യങ്ങളിലെ 78 എയർപോർട്ടുകളിൽ വൻകിട സ്റ്റോറുകൾ നടത്തുന്നുണ്ട്. കൺസോർഷ്യത്തിൽ പങ്കാളികളായ അറബ് സപ്ലൈ ആന്റ് ട്രേഡ് കമ്പനി (അസ്ട്ര) 1976 ൽ റിയാദിലാണ് സ്ഥാപിച്ചത്. 11 രാജ്യങ്ങളിൽ കമ്പനിക്ക് ശാഖകളുണ്ട്. ജോർദാനിലെ അമ്മാൻ എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പ് വഹിക്കുന്നത് അസ്ട്രയാണ്. 1997 ലാണ് അമ്മാനിൽ കമ്പനി പ്രവർത്തനം തുടങ്ങിയത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇന്റർനാഷണൽ, റീജ്യനൽ എയർപോർട്ടുകളിൽ 23 സ്റ്റോറുകൾ അസ്ട്ര പ്രവർത്തിപ്പിക്കുന്നുണ്ട്. 

Latest News