Sorry, you need to enable JavaScript to visit this website.

ഇസ്‌ലാമിന്റെ നന്മ ആസ്വദിക്കാന്‍ അമുസ്‌ലിംകള്‍ക്കും സാധിക്കണം; ചില ആലോചനകള്‍

ഇസ്‌ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവര്‍ പോലും ഇസ്‌ലാമിക് ബാങ്കിങിനെപറ്റി വളരെ താല്‍പര്യപൂര്‍വം ചിന്തിക്കുകയും അത് നടപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത് നല്ലൊരു വെല്‍ഫെയര്‍ പദ്ധതി എന്ന നിലയില്‍ സകാത്ത് വ്യവസ്ഥ ജനകീയമായി പരിചയപ്പെടുത്തപ്പെടുകയും നടപ്പാക്കുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സല്‍ഫലങ്ങള്‍ വിവരണാതീതമായിരിക്കും. മുസ്‌ലിം സമുദായം സകാത്ത് വ്യവസ്ഥ ഫലപ്രദമായി സാര്‍വത്രികമായി നടപ്പാക്കിയാല്‍ ഇസ്‌ലാമിന്റെ സാമൂഹ്യ  സാമ്പത്തിക ദര്‍ശനത്തിന്റെ നന്മകള്‍ എളുപ്പം ഗ്രഹിക്കാന്‍ അന്യര്‍ക്ക് അവസരം കിട്ടും.
മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ തൃതീയ സ്തംഭമാണ് സകാത്ത്. മിച്ചധനത്തിന്റെ ഒരു വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം ജനങ്ങള്‍ക്ക് ഫലപ്രമായി നല്‍കലാണ് സകാത്ത്. ഈ നിര്‍ബന്ധ ദാനം ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരമെന്ന സുപ്രധാന അനുഷ്ഠാനത്തോട് ചേര്‍ത്തുകൊണ്ടാണ് സകാത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞത്. പ്രത്യക്ഷത്തില്‍ നമസ്‌കാരം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതയാണെങ്കില്‍ സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്. രണ്ടും ഒപ്പത്തിനൊപ്പം തുല്യ പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ടതാണ്. സകാത്ത് എന്ന സംജ്ഞക്ക് ഭാഷാപരമായി രണ്ടര്‍ത്ഥങ്ങളുണ്ട്. സംസ്‌കരണം, വിശുദ്ധി എന്നീ അര്‍ഥമാണ് ഒന്നാമത്തേത്. വളര്‍ച്ച എന്ന പൊരുളും സകാത്ത് എന്ന സംജ്ഞക്കുണ്ട്. ഈ രണ്ട് പൊരുളുകളെയും സാക്ഷാല്‍ക്കരിക്കുന്നതാണ് സകാത്ത് എന്ന അനുഷ്ഠാനം. സകാത്ത് ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മര്‍മ്മം കൂടിയാണ്.

ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനവും പരിപാടികളുമെല്ലാം ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണത്തിലധിഷ്ഠിതമാണ്. സകല പ്രപഞ്ചങ്ങളുടെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനും അല്ലാഹുവാണ്. ആകയാല്‍ വിഭവങ്ങളിന്മേലുള്ള പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരവും പരമാധികാരവും അവന് മാത്രമാണ്. അഖില പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും അല്ലാഹുവിന്റെ അലംഘനീയ വ്യവസ്ഥകള്‍ക്ക് വിധേയവുമാണ്.

അടിമ (അബ്ദ്) ഉടമ (റബ്ബ്,ഇലാഹ് )യെ പ്രതിനിധീകരിക്കുമ്പോള്‍ ഈ വസ്തുത മറന്നു കൂടാത്തതാണ്. ഇതേപോലെ സമ്പത്തുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പ്രയോഗങ്ങള്‍ ഉപര്യുക്ത പൊരുള്‍ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. തന്റെ ജീവധനാദികളില്‍ കഷ്ടനഷ്ടങ്ങള്‍ വരുമ്പോള്‍ സത്യവിശ്വാസി പറയുന്ന, പറയേണ്ട വാക്യം 'നമ്മളെല്ലാം അല്ലാഹുവിന്റെതാണ്; തീര്‍ച്ചയായും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്' (ഇന്നാലില്ലാഹി ..... 2:156) എന്നാണ്.

ന്യായമായും മാന്യമായും എന്തെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ ചെയ്താല്‍ ഉടയോനായ അല്ലാഹുവിനെ ഉള്ളഴിഞ്ഞ് സ്തുതിച്ചു കൊണ്ട് 'അല്‍ഹംദുല്ലില്ലാഹ്' എന്നു പറയുന്നതിലും താനനുഭവിച്ച / അനുഭവിക്കുന്ന വിഭവങ്ങള്‍ തന്റേതല്ല, മറിച്ച് അല്ലാഹുവിന്റേതാണെന്ന ബോധവും ബോധ്യവുമാണുള്ളത്. ഭക്ഷിക്കുന്നതുള്‍പ്പെടെ പല ഘട്ടങ്ങളിലും 'ബിസ്മില്ലാഹി...' എന്നുച്ചരിക്കുന്നതിലും എല്ലാത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന പ്രമേയമാണ് അന്തര്‍ലീനമായിട്ടുള്ളത്.

ഇസ്‌ലാമിക ദൃഷ്ട്യാ വ്യക്തിക്കോ സമൂഹത്തിനോ സ്‌റ്റേറ്റിനോ സമ്പത്തില്‍ പൂര്‍ണ്ണാര്‍ഥത്തിലുള്ള ഉടമാവകാശമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്. സ്വശരീരത്തിലോ ജീവനിലോ ആത്മാവിലോ നമ്മള്‍ക്കാര്‍ക്കും പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരമില്ല. അങ്ങനെയുള്ള ഒരാള്‍ തനിക്ക് ബാഹ്യമായ സംഗതികളുടെയും വസ്തുക്കളുടെയും പൂര്‍ണ ഉടമസ്ഥനാവുകയെന്നത് യുക്തിസഹമോ സംഭവ്യമോ അല്ല. സ്വയം തീരുമാനമനുസരിച്ച് ജനിച്ചവനല്ല മാനവന്‍. ജനിച്ചുവീഴുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സ്വന്തം തീരുമാനമനുസരിച്ചല്ല അവന്‍ ഇഹലോകവാസം വെടിയുന്നത്. ഇവിടുന്ന് പോകുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുപോകുന്നുമില്ല.(കഫന്‍പുടവക്ക് കീശ വെക്കാറില്ലല്ലോ).ജീവിതത്തിലെ പല കാര്യങ്ങളും അവന്റെ ഇംഗിതത്തിനോ നിയന്ത്രണത്തിനോ ഒട്ടും വിധേയമല്ലെന്നതും അനുഭവസത്യം മാത്രമാണ്.
      ''നിങ്ങളുടെ നിലനില്‍പ്പിന്റെ നിദാനമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന നിങ്ങളുടെ സമ്പത്തുകള്‍ നിങ്ങള്‍ അവിവേകികള്‍ക്ക് കൈവിട്ടുകൊടുക്കരുത്'' (4:5). ഈ സൂക്തം നമ്മെ താഴെ വിവരിക്കുന്ന വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
1. അനാഥരുടെ സമ്പത്താണ് സൂക്തത്തിലെ പ്രതിപാദ്യ വിഷയമെങ്കിലും അനാഥ സമ്പത്തിനെ അവരുടെ സ്വത്ത് എന്ന് പറയാതെ 'നിങ്ങളുടെ സമ്പത്ത്' എന്ന് പറഞ്ഞത് വളരെ ചിന്തനീയമാണ്. സമ്പത്തിന്റെ വ്യക്തിപരമായ ഉടമസ്ഥതയെ ഒരളവോളം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രസ്തുത സമ്പത്തില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ കൂടി ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാണ് വ്യക്തിക്ക് കൈവശാധികാരമുള്ള സമ്പത്ത് ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതും ഇസ്‌ലാം കഠിനമായി വെറുക്കുന്നത്. എന്റെ ധനം എന്റെ ഇഷ്ടം പോലെ വ്യയം ചെയ്യും എന്ന നിലപാടിനെ ഇസ്‌ലാം ഒട്ടും അംഗീകരിക്കുന്നില്ല. നാളെ സമൂഹത്തിലെ വേറെ ചിലര്‍ക്ക് അനുഭവിക്കേണ്ട സമ്പത്ത് ഇന്ന് നീ ധൂര്‍ത്തടിക്കുകയോ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുകയോ ചെയ്തുകൂടാ.
      അല്ലാഹുവിന്റേതാണ് സകല സമ്പത്തും. അതുകൊണ്ടു തന്നെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും എക്കാലത്തും ഉപകരിക്കാനുള്ളതാണ്. സമ്പത്തില്‍ സമൂഹത്തിനുള്ള അവകാശം ഇസ്‌ലാം എല്ലാനിലക്കും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മിച്ച ധനത്തില്‍ നിന്ന് 2.5%, 5%, 10%, 20% എന്നിങ്ങനെ നല്‍കുന്നത് വ്യക്തിയുടെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് സമൂഹത്തിന് സമ്പത്തിന്റെ സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന നിലക്കാണ്. ''തങ്ങളുടെ വസ്തുക്കള്‍ സമ്പത്തുകളില്‍ ചോദിച്ചു വരുന്നവനും, ഉപജീവന മാര്‍ഗം തടയപ്പെട്ടവനും നിര്‍ണ്ണിതമായ അവകാശം നല്‍കുന്നവര്‍''(70:24,25) ഈ സൂക്തം പാവങ്ങളോടുള്ള ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് നമുക്ക് മനസിലാക്കിതെരുന്നു.
2. സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന്റെ ആധാരമാണെന്ന് മേല്‍ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ വ്യക്തിക്ക് മേല്‍ വിവരിച്ച തത്വങ്ങള്‍ക്ക് വിധേയമായി പ്രാതിനിധ്യാവകാശവും തദടിസ്ഥാനത്തിലുള്ള കൈകാര്യാധികാരവുമാണുള്ളത്. ഇസ്‌ലാമിക സാമൂഹ്യ സംവിധാനത്തിന്റെ കണിശമായ മേല്‍നോട്ടിത്തിന്‍ കീഴിലാണ് സ്വകാര്യ വ്യക്തിയുടെ കൈവശാവകാശമെന്ന് വ്യക്തം.
3. ഈ കൈവശാവകാശം (പ്രാതിനിധ്യാവകാശം) ഗുരുതരമാം വിധം ലംഘിക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ ഇടപെടലിനെ ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. സമ്പത്തിന്റെ അവകാശി ഒരു അവിവേകിയോ വിഡ്ഢിയോ ആണെങ്കില്‍ അത് പാഴാക്കാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കരുത്.

 

Latest News