Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ സംഭവത്തില്‍ തീവ്രവാദ സ്വഭാവമില്ലെന്ന് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ലോക്‌സഭയില്‍ നടന്ന സംഭവത്തില്‍ തീവ്രവാദ സ്വഭാവമില്ലെന്ന് ദല്‍ഹി പോലീസ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതികള്‍ ആറുപേരും പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സ്ഥിരീകരിക്കാനായിട്ടില്ല. പ്രതികളിലൊരാളായ 37കാരി നീലം ആസാദ് ദേവി ജന്തര്‍ മന്ദറിലെ ഗുസ്തിക്കാരുടെ സമരത്തിലും പങ്കെടുത്തിരുന്നു. അന്ന് സാക്ഷി മാലികിനൊപ്പം അറസ്റ്റിലാകുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഭഗത് സിംഗ്, ബി.ആര്‍ അംബേദ്കര്‍ എന്നിവര്‍ നീലത്തെ സ്വാധീനിച്ചിട്ടുണ്ട്. എംഎഡും എംഫിലും നേടിയ നീലം നീറ്റ് യോഗ്യത നേടിയിട്ടുമുണ്ട്. ദല്‍ഹിയില്‍ അധ്യാപക ജോലിക്കായി ശ്രമം നടത്തിയിരുന്നു.  സിവില്‍ സര്‍വീസ് പരീക്ഷക്കായും തയാറെടുത്തിരുന്നു. നീലത്തിന്റെ സഹോദരന്‍ 2020ലെ കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമല്ലെന്നും പോലീസ് അറിയിച്ചു.
പ്രതികളിലൊരാളായ ഡിയ മനോരഞ്ജന്‍ എഞ്ചിനീയറിങ് ബിരുദധാരിയും നല്ല വായനാ ശീലമുള്ളയാളാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മൈസൂരുവിലെ വിജയനഗര്‍ സ്വദേശിയാണ് മനോരഞ്ജന്‍. മനോരഞ്ജനാണ് പ്രതാപ് സിംഹയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള സന്ദര്‍ശക പാസ് സംഘടിപ്പിച്ചത്. ബംഗളുരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ദല്‍ഹിയിലെത്തിയത്.
അതിനിടെ, പാര്‍ലമെന്റില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി എം.പിമാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രവേശന കവാടങ്ങള്‍ വെവ്വേറെയാക്കും. സന്ദര്‍ശക ഗാലറിയിലേക്കുള്ള  പാസ് പുനഃസ്ഥാപിച്ചാല്‍ അവര്‍ക്കുള്ള പ്രവേശനം നാലാമത്തെ ഗേറ്റ് വഴിയാക്കും. അതോടൊപ്പം, സന്ദര്‍ശക ഗാലറിയില്‍ ചില്ല് മറ സ്ഥാപിക്കാനും തീരുമാനിച്ചു. ബോഡി സ്‌കാനര്‍ മെഷീനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിനുള്ളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഇന്നലെ ചില നേതാക്കള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓം ബിര്‍ള  അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എം.പിമാരുടെ പി.എമാരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

 

Latest News