Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍, ആറാമനെ തെരയുന്നു

ന്യൂദല്‍ഹി-ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഇതോടെ അപ്രതീക്ഷിത സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മറ്റൊരാള്‍ക്ക് കൂടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ നേരത്തെ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്. പ്രതികളില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിടിയിലായ നീലത്തിന്റെയും അമോല്‍ ഷിന്‍ഡെയും ഫോണുകളാണ് കണ്ടെത്താനുള്ളത്.  ഇതിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്താനായില്ല.  
പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ് തല്‍ക്കാലം നിര്‍ത്തിവെച്ചു.  എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം പ്രവേശനം ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
കളര്‍ സ്‌പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചിരുന്നു.
ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.  ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം.

 

Latest News