മാര്‍പ്പാപ്പയുടെ പ്രതിനിധി കൊച്ചിയിലെത്തി; വിമതവിഭാഗം വൈദികരുമായി ചര്‍ച്ച നടത്തും

കൊച്ചി- കുര്‍ബ്ബാനാര്‍പ്പണത്തെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാപ്പായുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ വീണ്ടും കൊച്ചിയിലെത്തി. ഒരാഴ്ച്ച കൊച്ചിയില്‍ തങ്ങി പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ചര്‍ച്ച ചെയ്യുമെന്ന് ബിഷപ് സിറില്‍ വാസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. സ്ലൊവാക്യക്കാരനായ ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ ഈശോസഭാംഗമാണ്. റോമിലെ പൊന്തിഫിക്കല്‍ ഓറിയെന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയും പൗരസത്യസഭകള്‍ക്കായുള്ള സംഘത്തിന്റെ കാര്യദര്‍ശിയുമായിരുന്ന അദ്ദേഹം  ഇപ്പോള്‍ സ്ലൊവാക്യയിലെ കോഷിത്സേ രൂപതയുടെ അദ്ധ്യക്ഷനാണ്.

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശം പാലിക്കപ്പെടണമെന്ന സന്ദേശം സിറില്‍ വാസില്‍ വീണ്ടും നല്‍കിയേക്കും. ഡിസംബര്‍ 25ന് ഏകീകൃത കുര്‍ബാനയര്‍പ്പിക്കാന്‍ വിമതവിഭാഗം തയാറാണെങ്കിലും തുടര്‍ന്നങ്ങോട്ട് സ്ഥിരമായി ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. മാര്‍പാപ്പയുടെ ഉത്തരവില്‍ പിഴവുപറ്റിയെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരുടെ വാദം.

ഏകീകൃത കുര്‍ബാന നടത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന ചര്‍ച്ച. വിവിധ വൈദികരെയും വത്തിക്കാന്‍ പ്രതിനിധി നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് സൂചന. കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലും ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം അങ്കമാലി അതിരൂപത സന്ദര്‍ശിച്ചിരുന്നു.  കഴിഞ്ഞ തവണ സിറില്‍ വാസ് എത്തിയപ്പോള്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് കയ്യേറ്റ ശ്രമം അടക്കം വരെ ഉണ്ടായിരുന്നു.

 

Latest News