Sorry, you need to enable JavaScript to visit this website.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നൂര്‍ജഹാന് വനിതാ കമ്മീഷന്റെ ഇടപെടലില്‍ തണലൊരുക്കും

മലപ്പുറം- ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട പൊന്നാനി നഗരസഭയിലെ 50 ാം വാര്‍ഡ് സ്വദേശിനി നൂര്‍ജഹാന് വനിതാ കമ്മിഷന്റെ ഇടപെടലില്‍ തണലൊരുക്കും. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് അയല്‍വാസികളുടെ കാരുണ്യത്തില്‍ കഴിഞ്ഞുവന്നിരുന്ന നൂര്‍ജഹാനെ കണ്ടെത്തിയത്. നൂര്‍ജഹാന്റെ സംരക്ഷണവും സുരക്ഷയും മുന്‍നിര്‍ത്തി തവനൂരിലെ വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍കൈ എടുക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നഗരസഭ, വനിത ശിശു വികസന ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതോടെ ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പൊന്നാനി നഗരസഭാ പരിധിയില്‍ വൃദ്ധസദനവും പകല്‍ വീടുകളും ആരംഭിക്കുന്നതിന് വനിതാ കമ്മിഷന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കും. തീരദേശത്ത് ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സങ്കീര്‍ണമായ ജീവിത സാഹചര്യമാണ് തീരദേശത്തെ സ്ത്രീകളുടേത്. വിവാഹത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ഇക്കാര്യത്തില്‍ പൊന്നാനി നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും നല്ല രീതിയിലുള്ള ഇടപെടല്‍ നടത്തേണ്ടതായിട്ടുണ്ട്. തീരദേശത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി എടുക്കാനുള്ള അടിയന്തിരമായ ഇടപെടല്‍ അനിവാര്യമാണ്. തീരദേശത്ത് അസുഖബാധിതരായവര്‍, ശയ്യാവലംബരായവര്‍ തുടങ്ങിയവരുടെ എണ്ണം വളരെ കൂടുതലാണ്. പാലിയേറ്റീവ് പ്രവര്‍ത്തനം മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടുപോകണം. കിടപ്പുരോഗികളും അതീതീവ്ര ഭിന്നശേഷിക്കാരും ഉള്ള വീടുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ അടിയന്തിരമായി വേണം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ഈ പ്രദേശത്ത് കൂടുതലായുണ്ട്. അവരുടെ മാനസികാരോഗ്യ പരിരക്ഷയ്ക്കായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നഗരസഭ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച നൂര്‍ജഹാന്‍ സഹോദരന്റ തണലിലാണ് കഴിഞ്ഞിരുന്നത്. സഹോദരന്റെ മരണത്തോടെ ഒറ്റപ്പെട്ട ഇവരുടെ ജീവിതം അയല്‍വാസികളുടെ കാരുണ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഭക്ഷണവും താമസവും അയല്‍വാസികളുടെ കനിവിലാണ്. വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി, പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ കെ. ഷാഫി, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം ശ്രുതി തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

 

Latest News