Sorry, you need to enable JavaScript to visit this website.

പറശ്ശിനിക്കടവില്‍ പുതിയ വാട്ടര്‍ ടാക്‌സിയെത്തി

കണ്ണൂര്‍ - ജലഗതാഗതവകുപ്പിന്റെ  പുതിയ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവിലെത്തി. തേജസ്മൂന്ന് എന്ന് പേരിട്ട വാട്ടര്‍ ടാക്‌സി അഴീക്കല്‍ ഹാര്‍ബറിലെത്തിച്ച ശേഷമാണ് വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവ് ജെട്ടിയില്‍ കൊണ്ടുവന്നത്.
2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവില്‍ ആദ്യമായി വാട്ടര്‍ ടാക്‌സി ഇറക്കിയത്. എന്‍ജിന്‍ തകരാര്‍ മൂലം കൃത്യമായി സര്‍വീസ് നടത്താന്‍ സാധിക്കാത്തത് ജലഗതാഗതവകുപ്പിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. നിലവിലുള്ള വാട്ടര്‍ ടാക്‌സി നവംബര്‍ അഞ്ചുമുതല്‍ തകരാര്‍ മൂലം കട്ടപ്പുറത്താണ്. ടാക്‌സിയുടെ യന്ത്രഭാഗങ്ങള്‍ക്ക് തകരാര്‍ വന്നാല്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് സാമഗ്രികള്‍ എത്തിക്കേണ്ട അവസ്ഥയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ അറ്റകുറ്റപ്പണി നടത്തി ടാക്‌സിയുടെ തകരാര്‍ പരിഹരിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു. പുതുതായി എത്തിയ ടാക്‌സി അടുത്തദിവസംമുതല്‍ സര്‍വീസ് നടത്തുന്നതോടെ എന്തെങ്കിലും തകരാര്‍ വന്നാലും പകരം ഒന്ന് റിസര്‍വായി ഒരുക്കിനിര്‍ത്താനാണ് ജലഗതാഗതവകുപ്പിന്റെ തീരുമാനം.
നദിയോര വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് വാട്ടര്‍ ടാക്‌സികളാണ്. ഇന്ത്യയില്‍തന്നെ രണ്ടാമത്തെ വാട്ടര്‍ ടാക്‌സിയായിരുന്നു പറശ്ശിനിക്കടവില്‍ ഇറക്കിയത്. ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാ മറൈന്‍ ബോട്ടാണിത്. ഫൈബറില്‍ നിര്‍മിച്ച ബോട്ടില്‍ ഒരേസമയം 10 പേര്‍ക്ക് സഞ്ചരിക്കാനാകും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ ഓടും.
1500 രൂപയ്ക്ക് ഒരുമണിക്കൂര്‍ സമയം പത്തുപേര്‍ക്ക് വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനാകും. അരമണിക്കൂര്‍ 750 രൂപ നിരക്കിലും സര്‍വീസുണ്ടായിരുന്നു. 15 മിനിറ്റ് സമയത്തേക്ക് ഒരാളില്‍നിന്ന് 40 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

 

 

Latest News