കോട്ടയം എം.പിയെ കുത്തി സംസാരിച്ച് പിണറായി, മാണി ഗ്രൂപ്പിനെ അപമാനിച്ചെന്ന തോന്നല്‍

കോട്ടയം-  കേരള കോണ്‍ഗ്രസ് എം തട്ടകത്തിലെ നവകേരള വേദിയില്‍ പാര്‍ട്ടിയുടെ എംപിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ പാലായില്‍ അപമാനിക്കുകയാണ് പിണറായി ചെയ്‌തെന്ന വിമര്‍ശനമാണ് ഉളളത്. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രവര്‍ത്തകര്‍ തങ്ങളുടെ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്.

റബര്‍വില പാലായിലെ സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്ക് നവീകരണം. ചേര്‍പ്പുങ്കല്‍പാലത്തിന്റെ  നിര്‍മാണം ഇക്കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി തോമസ് ചാഴികാടന്‍ എംപിയെ വല്ലാതെ പരിഹസിച്ചു. നവകേരള സദസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സ്വാഗതപ്രസംഗകന് അറിയില്ലെന്നായിരുന്നു വിമര്‍ശനം. ഈ വേദിയിലല്ല ഇത് ഉന്നയിക്കേണ്ടതെന്ന് പച്ചയ്ക്കു തന്നെ പിണറായി പറഞ്ഞു. പാലായിലെ നവകേരള സദസ് വിജയിപ്പിക്കാന്‍ ഏറെ പണിപ്പെട്ട സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ തോമസ് ചാഴികാടനും യോഗത്തിലെ അധ്യക്ഷനായിരുന്ന ജോസ് കെ മാണിയും വേദിയിലിരിക്കെ നാട്ടുകാരുടെ മുന്നില്‍ നടത്തിയ വിമര്‍ശനം പാര്‍ട്ടിയെ വല്ലാതെ വെട്ടിലാക്കി. യുഡിഎഫിലെ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എം അതേരീതിയിലാണ് പൊതുവേദിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. പക്ഷേ പൊതുവേദിയില്‍ സര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടി നേതാവ് സമ്മര്‍ദ രാഷ്ട്രീയം കളിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചത്.  

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാം വട്ടം മത്സരിക്കാന്‍ ഒരുങ്ങുന്ന ചാഴികാടന്‍ 100 ശതമാനം എംപി ഫണ് വിനിയോഗിച്ച എംപി എന്ന നിലയില്‍ പ്രചരണം തീവ്രമാക്കിയിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഹരം ലഭിച്ചത്, അധ്യക്ഷപ്രസംഗത്തില്‍ റബര്‍ വില പ്രശ്‌നം ജോസ് കെ മാണിയും ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ മന്ത്രിയും പാലാക്കാരനുമായ റോഷി അഗസ്റ്റിനും മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ അത് പുറത്തുപ്രകടിപ്പിക്കാതെയാണ് പ്രതികരിച്ചത്. ഇതില്‍ ചേര്‍പ്പുങ്കല്‍ പാലം പാലാ രൂപതയുടെ വിഷയമാണ്. രൂപതയുടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ മാര്‍സ്ലീവയിലേക്കുളള പാലമാണ് ഇത്. പാലം നിര്‍മാണം നീളുന്നത് ആശുപത്രിയെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രൂപതയുടെ ആവശ്യം എന്ന നിലയിലാണ് തോമസ് ചാഴികാടന്‍ അവതരിപ്പച്ചത്. ചാഴികാടന്‍ സ്വാഗതം ദീര്‍ഘിപ്പിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ മുഖഭാവം മാറി. ഇത് മനസിലാക്കിയ റോഷി അഗസ്റ്റിന്‍ പ്രസംഗം ചുരുക്കാന്‍ ചാഴികാടന്റെ അടുത്ത് ചെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. ഇതോടെയാണ് പെട്ടെന്ന് സ്വാഗതം അവസാനിപ്പച്ചത്. എല്‍ഡിഎഫില്‍ നിന്നാല്‍ രാജാവിനെ വണങ്ങണമെന്ന നിലയിലുളള വാട്‌സ് ആപ്പ് പ്രചാരണമാണ് യുഡിഎഫ് അനുകൂലികള്‍ നടത്തുന്നത്.

സമ്മേളന സദസിന്റെ മുന്‍നിരയില്‍ ഭൂരിപക്ഷവും കേരള കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളുമായിരുന്നു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നിര്‍മല ജിമ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു എന്നിവര്‍ ഉള്‍പ്പടെ വലിയ നേതൃനിരയാണ് മുന്‍നിരയിലിരുന്നത്.

ചാഴികാടനെയും മുഖ്യമന്ത്രിയെയും തള്ളാതെ മന്ത്രി റോഷി അഗസ്റ്റിന്‍

അതേ സമയം മുഖ്യമന്ത്രിയെയും എംപിയെയും തള്ളാതെയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.നവകേരള സദസ്സില്‍ റബര്‍ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച തോമസ് ചാഴികാടന്‍ എംപിയുടെ നടപടിയില്‍ തെറ്റില്ല..  മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം എംപി എന്ന നിലയില്‍ അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മറുപടി എം പി യെ അവഹേളിക്കുന്നല്ല. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.യാത്രയ്ക്കു മുമ്പേ തന്നെ ഓരോ സ്ഥലത്തെയും ആവശ്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. പിന്നീട് ആത് ആവര്‍ത്തിച്ചു മറുപടി പറയേണ്ടതില്ല.

 

 

 

 

Latest News