തിരുവനന്തപുരം - ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടിയുണ്ടാക്കി പ്രവർത്തിച്ച് തുടങ്ങിയ ദേവൻ ഒടുവിൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. മുമ്പ് കെ സുരേന്ദ്രൻ നടത്തിയ വിജയ് യാത്രയുടെ സമാപനത്തിൽ നവകേരള പീപ്പ്ൾസ് പാർട്ടി ബി.ജെ.പിയിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ദേവന്റെ പുതിയ പദവി.
ദേവനേയും അദ്ദേഹത്തിന്റെ പാർട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നുവെന്ന് കണ്ടെത്തിയപ്പോഴാണ് മാതൃപാർട്ടിയായ കോൺഗ്രസിനോട് ടാറ്റ പറഞ്ഞ് 2004-ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച താൻ, ഇപ്പോൾ ബി.ജെ.പിയോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും ദേവൻ വ്യക്തമാക്കി.