Sorry, you need to enable JavaScript to visit this website.

ക്ഷണക്കത്തടിച്ച് പ്രമേഹത്തെ വരവേല്‍ക്കുന്നവര്‍, പ്രവാസികളും മുന്നില്‍

ജീവിതശൈലി മാറിയപ്പോള്‍ വളരെ വേഗത്തില്‍ കടന്നു കയറിയ രോഗമാണ് പ്രമേഹം. പഴയ കാലത്ത് പ്രമേഹവും പ്രഷറുമൊക്കെ 'പണക്കാരന്റെ രോഗം' എന്നാണ് പൊതുവെ പറയപ്പെട്ടിരുന്നത്. എന്നാലിപ്പോഴാകട്ടെ 'പണവും പദവിയും' നോക്കിയല്ല ഇവയൊന്നും വന്നു കയറുന്നത്. പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയില്‍ ഈ രോഗം വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 

ശാരീരികാധ്വാനം കുറഞ്ഞ ജോലികളോട് ആളുകള്‍ക്ക് താത്പര്യം വര്‍ധിക്കുകയും ഒഴിവു സമയങ്ങളില്‍ പോലും വ്യായാമം ചെയ്യാതെ മൊബൈലിനും കംപ്യൂട്ടറിനും മുമ്പില്‍ കുത്തിയിരിക്കുന്നതും നൂറു മീറ്റര്‍ നടക്കാനുള്ള ദൂരത്തേക്ക് പോലും വാഹനത്തെ ആശ്രയിക്കുന്നതുമെല്ലാം രക്തത്തിലെ ഗ്ലൂക്കോസിന് വര്‍ധിക്കാനും രോഗത്തിലേക്ക് നയിക്കാനുള്ള പ്രവണതകളുമായി മാറുകയാണ്. ഇതൊന്നും കൂടാതെ വ്യത്യസ്ത ഭക്ഷണം പരീക്ഷിക്കുന്നതിനോടൊപ്പം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ 'തീറ്റയെടുക്കുന്ന' രീതിയും പ്രമേഹം വര്‍ധിപ്പിക്കാന്‍ കാരണങ്ങളായി മാറുന്നു. മാത്രമോ രാത്രിയും പകലുമില്ലാതെ മൊബൈലില്‍ 'കുത്തിക്കളിച്ച്' ആവശ്യത്തിനുള്ള ഉറക്കം പോലും പലരും നശിപ്പിക്കുന്നുണ്ട്. 

പ്രമേഹ രോഗം വേഗത്തില്‍ പിടിപെടുന്നവരില്‍ പകുതി പേരും അമിത വണ്ണമുള്ളവരാണ്. കുറഞ്ഞ കാലം കൊണ്ട് ശരീരത്തിന്റെ ഭാരം 10 മുതല്‍ 30 കിലോഗ്രാം വരെ വര്‍ധിക്കുന്നവരാണ് വേഗത്തില്‍ പ്രമേഹ രോഗികളാകുന്നത്. ശരീരഭാരം പരമാവധി 70 കിലോഗ്രാമില്‍ നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. 

ഓരോരുത്തരും ഭക്ഷണം കഴിക്കേണ്ടത് തങ്ങളുടെ ജോലിക്കും തങ്ങളുടെ ശരീരം ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിനുമൊക്കെ അനുസരിച്ചാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും കിട്ടുന്നതെല്ലാം വാരിവലിച്ച് അകത്താക്കുകയും ചെയ്യുകയെന്നതാണ് പുതിയ ശീലം. അതോടൊപ്പം ശുദ്ധമായ വെള്ളത്തിന് പകരം പലരും കോളകളും ശീതളപാനീയങ്ങളും കുടിക്കുകയും ചെയ്യുന്നു. കോളകള്‍ പോലുള്ളവയിലെല്ലാം അളവില്‍ കൂടുതലാണ് പഞ്ചസാര ഉപയോഗിക്കുന്നത്. 

ശരീരം ചീര്‍ക്കുന്നതിന് അനുസരിച്ച് മനസ്സില്‍ മടിയുടെ അളവിലും വര്‍ധനവുണ്ടാകും. അതോടെ വ്യായാമം ചെയ്യുന്നത് പോയിട്ട് ചെറിയ ദൂരം നടക്കാന്‍ പോലും മെനക്കെടാത്ത അവസ്ഥയുണ്ടാകും. ഇത്തരക്കാരെ പ്രമേഹം ഒളികണ്ണിട്ടു നോക്കിനില്‍ക്കുന്നുണ്ടെന്ന് ഉറപ്പ്.

മാനസിക സംഘര്‍ഷം വര്‍ധിക്കുന്നത് പ്രമേഹ രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. വിദേശത്ത് കഴിയുന്നവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാകാന്‍ പ്രത്യേക കാരണമൊന്നും ആവശ്യമില്ല. വീടും കുടുംബവും വിട്ടുനില്‍ക്കുന്നത് ഒരു ഭാഗത്ത്, ജോലിയുടേയും സാമ്പത്തിക പ്രയാസങ്ങളുടേയും പ്രശ്‌നങ്ങള്‍ മറുവശത്ത് തുടങ്ങി പല ഘടകങ്ങള്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കും. ഇത് പ്രമേഹം മാത്രമല്ല രക്താതിസമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നുണ്ട്. 

ലഹരി വസ്തുക്കളുടെ ഉപഭോഗം പ്രമേഹം വരാനുള്ള മറ്റൊരു വില്ലനാണ്. മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് മതം വിലക്കിയത് നേരത്തെ പലരും ഗൗരവത്തിലെടുത്തിരുന്നെങ്കിലും ഇപ്പോള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും ഫാഷനായുമൊക്കെ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. മദ്യപാന ശീലം ആദ്യഘട്ടത്തില്‍ ശരീരത്തിന്റേയും മുഖത്തിന്റേയും സൗന്ദര്യം വര്‍ധിപ്പിക്കുന്നത് അനുഭവപ്പെടുന്നവര്‍ പിന്നീടതൊരു ശീലമാക്കും. പിന്നാലെ പുകവലിയും പുകയില ഉപഭോഗവും ജീവിതത്തിന്റെ ഭാഗമാക്കും. ശരീരഭാരം വര്‍ധിക്കുന്നതിനോടൊപ്പം പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ അതിഥികളായെത്തും. 

പ്രമേഹ രോഗം പിടിപെടുന്നതില്‍ പാരമ്പര്യത്തിന് കൂടി പങ്കുണ്ടെന്ന് പറയാതെ വയ്യ. എങ്കിലും പിതാവില്‍ നിന്നോ മാതാവില്‍ നിന്നോ ഉള്ള രോഗപരമ്പര മക്കളിലേക്കെത്താന്‍ സമയമെടുക്കും. ഇത് നേരത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് അമിത ഭക്ഷണവും വ്യായാമമില്ലായ്മയും ഉള്‍പ്പെടെയുള്ള സ്വന്തം ചെയ്തികളായിരിക്കും. 

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണമായി മാറുന്ന രോഗമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടുത്തുക, കിഡ്‌നി തകരാര്‍ ഉണ്ടാക്കുക, മുറവുകള്‍ ഉണങ്ങാതിരിക്കുക, സ്പര്‍ശന ശേഷി നഷ്ടമാകുക, അമിത ക്ഷീണം അനുഭവപ്പെടുക, വിശപ്പും ദാഹവും വര്‍ധിക്കുക, ലൈംഗിക ശേഷിയും താത്പര്യവും കുറയുക, ലിംഗത്തിന്റെ അഗ്രചര്‍മ്മം, യോനി, മൂത്രാശയം എന്നിവിടങ്ങളില്‍ അണുബാധ തുടങ്ങി പ്രമേഹമുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ രൂക്ഷമാണ്. 

വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയാണ് പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍. ഈ രോഗത്തെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. അതോടൊപ്പം രോഗം ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ കൃത്യമായ ചികിത്സയും ചികിത്സകരുടെ ഉപദേശങ്ങള്‍ വ്യക്തമായി പാലിക്കുകയും ചെയ്യുക എന്നതും പ്രധാനപ്പെട്ട ഘടകമാണ്. 

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് രോഗം വരാതെ നോക്കുന്നതെന്ന അതേ പഴഞ്ചൊല്ലാണ് ഇവിടേയും പ്രസക്തം. നേരത്തെ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തണമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ഉപദേശിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 35 വയസ്സില്‍ തന്നെ തുടങ്ങണമെന്നായിട്ടുണ്ട്. 

രക്തം, മലം, മൂത്രം എന്നിവ പരിശോധിക്കുക, ഹൃദയ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ ഇ. സി. ജി, നെഞ്ചിന്റെ എക്‌സ്‌റേ, കരളിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനം മനസ്സിലാക്കാന്‍ എല്‍. എഫ്. ടി, ആര്‍. എഫ്. ടി തുടങ്ങിയ മിനി ഹെല്‍ത്ത് ചെക്കപ്പ് കൃത്യമായി ചെയ്താല്‍ തന്നെ വരാനിരിക്കുന്ന സാധാരണ രോഗങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. രോഗമുണ്ടെങ്കില്‍ വേഗം തിരിച്ചറിയുന്നതാണ് ചികിത്സിക്കാനും സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുമുളള ഏറ്റവും നല്ല മാര്‍ഗ്ഗം.
 

Latest News