Sorry, you need to enable JavaScript to visit this website.

ഗവര്‍ണറെ തടഞ്ഞ സംഭവം: സ്റ്റേറ്റിനെതിരെയുള്ള  ഗുരുതര കുറ്റമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് 

തിരുവനന്തപുരം- തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഷേധിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമെന്ന് പോലീസ്. ഗവര്‍ണറെ പൊതുസ്ഥലത്ത് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എസ്എഫ്‌ഐ പ്രതിഷേധം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് രാജ്ഭവന്റെ തീരുമാനം.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പരാമര്‍ശമുള്ളത്. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ്. ഗവര്‍ണറെ പൊതുസ്ഥലത്ത് തടഞ്ഞു അന്യായമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഗവര്‍ണറുടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ഐപിസി 124 ചുമത്തിയിരുന്നു.
ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കര്‍ശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതരമായ വകുപ്പാണ് ഐപിസി 124. ഏഴ് വര്‍ഷം കഠിനതടവ് ലാഭിക്കാം. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പും ചുമത്തി. കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത ഏഴു പ്രവര്‍ത്തകരില്‍ ആറു പേരെ പോലീസ് റിമാന്‍ഡ് ചെയ്തു. ആറാം പ്രതി അമന്‍ ഗഫൂറിന് എല്‍എല്‍ബി പരീക്ഷയുണ്ടെന്ന പരിഗണനയില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
പേട്ട പൊലിസ് അറസ്റ്റ് ചെയ്ത 5 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യവും നല്‍കി. തിരുവനന്തപുരം ജെഎഫ്എംസി മൂന്നാം കോടതിയാണ് കേസ് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചിട്ടുണ്ട്.

Latest News