ജിദ്ദ - നഗരത്തിൽ സോമാലിയക്കാരി നടത്തിയിരുന്ന രണ്ടു അനധികൃത കിന്റർഗാർട്ടനുകൾ പോലീസും വിദ്യാഭ്യാസ വകുപ്പും ലേബർ ഓഫീസും സൗദി ഇലക്ട്രിസിറ്റി കമ്പനിയും പ്രത്യേക കമ്മിറ്റിയും ചേർന്ന് അടപ്പിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലും അൽയാഖൂത്ത് ഡിസ്ട്രിക്ടിലുമാണ് ലൈസൻസില്ലാത്ത കിന്റർഗാർട്ടനുകൾ സോമാലിയക്കാരി നടത്തിയിരുന്നത്. കിന്റർഗാർട്ടനുകളിൽ കുട്ടികളോടുള്ള മോശം പെരുമാറ്റം അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് രക്ഷകർത്താക്കൾ അധികൃതർക്ക് പരാതികൾ നൽകുകയായിരുന്നു.
സൗദി വനിത ചമഞ്ഞാണ് സോമാലിയക്കാരി അനധികൃത രീതിയിൽ കിന്റർഗാർട്ടനുകൾ നടത്തിയിരുന്നത്. നേരത്തെ ഈ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്താനുള്ള ഔദ്യോഗിക വകുപ്പുകളുടെ ശ്രമങ്ങളുമായി സോമാലിയക്കാരി സഹകരിച്ചിരുന്നില്ല. തുടർന്ന് വിവിധ സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തി സോമാലിയക്കാരിയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയുമായിരുന്നു.