ജിദ്ദ - ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് അതിവേഗ സേവനം നൽകാൻ ജിദ്ദ എയർപോർട്ടിൽ ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. ഫാസ്റ്റ് ട്രാക്ക് സേവനം ആഗമന, നിർഗമന നടപടിക്രമങ്ങളും ലഗേജ് പരിശോധനയും വേഗത്തിലും എളുപ്പത്തിലുമാക്കുന്നു. യാത്രക്കാരെ സഹായിക്കാൻ ഫാസ്റ്റ് ട്രാക്കിലെങ്ങും പരിശീലനം സിദ്ധിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെയും ക്ലബ്ബുകളിലെ പ്രധാന വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയ ഫുട്‌ബോൾ ആരാധകരുടെയും നടപടിക്രമങ്ങൾ ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കും. വിമാനത്തിൽ നിന്ന് നേരെ ജവാസാത്ത് കൗണ്ടറിലെത്തി കാത്തുനിൽക്കേണ്ടതില്ലാതെ മിനിറ്റുകൾക്കുള്ളിൽ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കും. ചാമ്പ്യൻഷിപ്പിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് ഫാസ്റ്റ് ട്രാക്ക് അലങ്കരിച്ചിട്ടുണ്ട്. ഫുട്‌ബോൾ പ്രേമികൾ അടക്കമുള്ളവരെ സഹായിക്കാനും മാർഗനിർദേശങ്ങൾ നൽകാനും വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യമുള്ള ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് അക്വേറിയത്തിനു സമീപം തുറന്ന ഇൻഫർമേഷൻ കൗണ്ടറിൽ സ്‌പോർട്‌സ് മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് ലക്ഷ്വറി കാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ടെർമിനലിലെ പ്രത്യേക ഓഫീസുകൾ വഴി ലക്ഷ്വറി കാറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഒന്നാം നമ്പർ ടെർമിനലിൽ ആഗമന, നിർഗമന ഹാളുകളിൽ ഫാൻസ് ഏരികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് സ്മാർട്ട് ഫോണുകളും ഇ-ഗെയിമുകളും സമ്മാനമായി വിതരണം ചെയ്യും. ഒന്നാം നമ്പർ ടെർമിനൽ ചാമ്പ്യൻഷിപ്പ് എംബ്ലം ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്. ക്ലബ്ബ് വേൾഡ് കപ്പ് സംഘാടനത്തിന്റെ ആഘോഷമെന്നോണം പ്രൊമോഷനൽ ഫിലിം നർമിച്ച് എയർപോർട്ടിലെ വ്യത്യസ്ത സ്ഥലങ്ങളിൽ കൂറ്റൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. കൂടാതെ മത്സരങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ, കളിക്കാരും ടീമുകളും ഫുട്‌ബോൾ ആരാധകരും എയർപോർട്ട് വഴി ജിദ്ദയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ, ജിദ്ദയിലെ പ്രധാന വിനോദ സഞ്ചാര അടയാളങ്ങൾ എന്നിവയും സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
60,000 റിയാലിൽ കൂടുതലുള്ള പണം, നിരോധിത ഉൽപന്നങ്ങൾ, വ്യാപാര ആവശ്യാർഥമുള്ള അളവിലുള്ള ചരക്കുകൾ, പഴയതും പുതിയതുമായ 60,000 റിയാൽ വിലയുള്ള ആഭരണങ്ങൾ, വിലപിടിച്ച ലോഹങ്ങൾ എന്നിവയെ കുറിച്ച് ഫുട്‌ബോൾ ആരാധകർ മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് ജിദ്ദ എയർപോർട്ട് ആവശ്യപ്പെട്ടു. ക്ലബ്ബ് വേൾഡ് കപ്പ് ടിക്കറ്റ് നേടുന്നവർക്ക് സൗദി അറേബ്യ ഇ-വിസ അനുവദിക്കുന്നുണ്ട്.