മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍ കുഞ്ചു അന്തരിച്ചു

 തൃശ്ശൂര്‍- മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. തൃശ്ശൂരിലായിരുന്നു അന്ത്യം. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് ദല്‍ഹിയിലെ ദേശീയ പത്രങ്ങള്‍ക്കുവേണ്ടി റിപോര്‍ട്ടറായി ജോലി ചെയ്യുകയും ചെയ്തു. കാരവനില്‍ ഏറെക്കാലം റിപോര്‍ട്ടറായിരുന്നു.  പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1973ല്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് അഞ്ചു വര്‍ഷം സൈനിക് സമാചാര്‍ എന്ന പ്രതിരോധ മന്ത്രാലയം മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിച്ചു.
ഇക്കാലയളവില്‍ പരിഭാഷകനുമായി. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പാടുകള്‍, നന്തനാരുടെ ആത്മാവിന്റെ നോവുകള്‍, കോവിലന്റെ  എ മൈനസ് ബി, ഏകലവ്യന്റെ എന്ത് നേടി എന്നീ പട്ടാള നോവലുകള്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി. വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രിക പൂച്ച ഇംഗ്ലീഷില്‍ മാജിക് ക്യാറ്റ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. പരേതയായ ജാനുവാണ് ഭാര്യ. പതിറ്റാണ്ടുകള്‍ നീണ്ട ദല്‍ഹിജീവിതം അവസാനിപ്പിച്ച് ഭാര്യയുടെ മരണശേഷം കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹം സ്വന്തം നാടായ തൃശൂരിലേക്ക് താമസം മാറ്റിയത്.

Latest News