വാഷിംഗ്ടണ്‍- ഗാസയിലെ യുദ്ധം അവസാനിക്കണമെങ്കില്‍ ഹമാസ് കീഴടങ്ങണമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. യുദ്ധം അവസാനിപ്പിക്കേണ്ട സമയം ഇസ്രായിലിനു വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കടലിലെ വാണിജ്യ കപ്പലുകളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെല്ലാം അമേരിക്ക തന്റെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായില്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യപ്പെട്ട് അഞ്ച് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഈയാഴ്ച അയച്ച കത്തിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ആയുധ വില്‍പ്പനയ്ക്ക് പൊതുവെ ആവശ്യമായ കോണ്‍ഗ്രസിന്റെ അനുമതി മറികടന്ന്, 13,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായിലിന് വില്‍ക്കുന്നതിനെതിരെ ആയിരുന്നു കത്ത്.
പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഗാസയില്‍ സാധ്യമായ പരമാവധി സിവിലിയന്‍മാരെ സംരക്ഷിക്കുന്നുണ്ടെന്നും പരമാവധി മാനുഷിക സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളുടെ ജീവനുകളാണ് എടുക്കുന്നതെന്ന കാര്യം ബ്ലിങ്കെന്‍ സമ്മതിച്ചു.
യുഎസ് കൈമാറ്റം ചെയ്യുന്ന ആയുധങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ മറ്റേതൊരു രാജ്യത്തിനുമെന്നതുപോലെ ഇസ്രായിലിനും ബാധകമാണ്. അവ ഉപയോഗിക്കുന്ന രീതിയും ആവശ്യകതയും ഉള്‍പ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമത്തെ മാനിക്കുന്നുവെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി അവകാശപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലിനെ ആക്രമിച്ച ഹമാസിനെതിരെയാണ് യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധങ്ങളുണ്ടെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇസ്രായിലിലേക്ക് ആയുധങ്ങള്‍ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച യുഎന്‍ വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത ഏക രാജ്യം യു.എസാണല്ലോ എന്ന ചോദ്യത്തിന് ബൈഡന്‍ ഭരണകൂടം മാനുഷിക യുദ്ധ വിരാമങ്ങളുടെ ശക്തമായ വക്താവാണെന്നായിരുന്നു മറുപടി. ആളുകള്‍ക്ക് രക്ഷപ്പെടാനും മാനുഷിക സഹായമെത്തിക്കാനും യുദ്ധത്തില്‍ ദിവസേന ഇടവേളകള്‍ ലഭ്യമാക്കിയത് തങ്ങളുടെ ശ്രമഫലമാണെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളോളം യുദ്ധം തുടര്‍ന്നാലും അമേരിക്ക ഇസ്രായിലിനെ പിന്തുണയ്ക്കുന്നത് തുടരുമോ എന്ന് സിഎന്‍എന്‍ ലേഖകന്‍ ചോദിച്ചപ്പോള്‍ ഇസ്രായില്‍ ഈ തീരുമാനങ്ങള്‍ എടുക്കണമെന്നായിരുന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ മറുപടി.
ഈ യുദ്ധം കഴിയുന്നത്ര വേഗത്തില്‍ അവസാനിക്കുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. പ്രധാന സൈനിക നടപടികള്‍ അവസാനിക്കുമ്പോള്‍ നമുക്ക് സുസ്ഥിരമായ സമാധാനം ഉണ്ടായിരിക്കണം. അത് നാം ഉറപ്പാക്കേണ്ടതുണ്ട്. സുസ്ഥിരമായ സമാധാനത്തിലേക്കുള്ള പാതയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.