Sorry, you need to enable JavaScript to visit this website.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്ടെ നിർദിഷ്ട സ്‌റ്റേഷൻ മാതൃക
കോഴിക്കോട്ടെ നിർദിഷ്ട സ്‌റ്റേഷൻ മാതൃക

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ കാലത്ത് നവീകരിക്കാൻ ദക്ഷിണേന്ത്യയിൽ പരിഗണിക്കപ്പെട്ട രണ്ടു സ്റ്റേഷനുകളാണ് ചെന്നൈയും കോഴിക്കോടും. പിന്നീട് പട്ടികയിൽ പല സ്ഥലങ്ങളും ഇടം പിടിച്ചു. അവിടെയൊക്കെ ജോലി കാര്യമായി മുന്നേറുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികളിൽ ഒന്നായ  കോഴിക്കോട്  റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ടെൻഡറായി. 46 ഏക്കർ സ്ഥലത്താണ് ഏകദേശം 500 കോടിയോളം നിർമാണ ച്ചെലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുന്നതിന്
ഗുരുഗ്രാമിൽ നിന്നുള്ള നിർമാണ കമ്പനിയായ വൈഎഫ്‌സിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആണ് കരാർ നേടിയത്.  ദൽഹി മെട്രോ റെയിൽ അടക്കം വമ്പൻ പദ്ധതികൾ പൂർത്തീകരിച്ച് ചരിത്രമുള്ള കമ്പനിയാണ് വൈഎഫ്‌സി. മൂന്ന് വർഷമാണ് നിർമാണ കാലാവധി. 
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ വികസനമാണ് കോഴിക്കോട്ട് വരുന്നത്.  46 ഏക്കർ സ്ഥലം ആണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വേറെ ഒരു സ്ഥലത്തും ഇത്രയും അധികം സ്ഥലത്ത്   റെയിൽവേ സ്റ്റേഷനിൽ വികസനം വരുന്നില്ല. നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും. അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കും. 6 പ്ലാറ്റ്‌ഫോമുകൾക്കും 9 ട്രാക്കുകൾക്കും ഉള്ള സൗകര്യം, ആദ്യ ഘട്ടത്തിൽ 4 പ്ലാറ്റ്‌ഫോമുകൾ. 20 ലിഫ്റ്റുകൾ, 24 എസ്‍കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫൂട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശന കവാടങ്ങൾ.
ഒരേസമയം 1100 കാറുകൾക്കും 2500 ഇരുചക്ര വാഹനങ്ങൾക്കും 100 ബസുകൾക്കുമുള്ള  പാർക്കിംഗ് സൗകര്യം കിഴക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തുമായി ഉണ്ടാവും.
48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻ വളപ്പിലെ മറ്റൊരു പ്രത്യേകത. 
നിലവിലെ 5 മീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും.
ഈസ്റ്റ് ടെർമിനലിനെയും വെസ്റ്റ് ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം.
പാർക്കിംഗുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്സിൽ നിന്നും സ്‌കൈവാക്ക് സൗകര്യം. നിലവിലെ മുഴുവൻ റെയിൽവേ ക്വാട്ടേഴ്സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ ക്വാട്ടേഴ്സ്.
പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം.
എക്‌സിറ്റ്, എൻട്രി എന്നിവക്ക് പ്രത്യേക കവാടങ്ങൾ. മൾട്ടിപ്ലക്‌സ്, ഓഫീസ് സ്‌പെയിസ്, ഇന്റർനാഷണൽ റീട്ടെയിൽ ഔട്ട്‌ലറ്റ്  ഒക്കെയായി വാണിജ്യ കേന്ദ്രങ്ങൾ.
ഫ്രാൻസിസ് റോഡിൽ നിന്നും നിലവിലെ നാലാമത്തെ പ്‌ളാറ്റ്‌ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം. ആർ.എം.എസ് കേന്ദ്രം, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്, 
നിർദിഷ്ട മെട്രോ സ്റ്റേഷനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രോജക്ടിൽ ഉൾപ്പെടുത്തി.  കോഴിക്കോട്ട് മാത്രമാണ് 48 മീറ്റർ വീതിയിൽ കോൺകോഴ്‌സ് വരുന്നത്. എറണാകുളത്ത് 24 മീറ്റർ ആണെങ്കിൽ  തിരുവനന്തപുരത്ത് ഇത് 36 മീറ്ററിലാണ്. 
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ വിമാനത്താവള നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമ്പോൾ  ഏറ്റവും ആകർഷകമാവുക 'എയർ കോൺകോഴ്‌സ്' എന്ന ഇടനാഴിയാകും.  
പ്ലാറ്റ്‌ഫോമിൽനിന്ന് 8 മീറ്റർ ഉയരത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിർമിക്കുന്ന ഈ മേൽപാലത്തിന് 48 മീറ്റർ ആയിരിക്കും വീതി, 110 മീറ്റർ നീളവും. 
യാത്രക്കാർക്ക് വിവിധ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഈ വഴിയിൽ കഫ്റ്റീരിയകളും മറ്റുമുണ്ടാവും പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാത്തവർക്കും ഇതുവഴി യാത്ര ചെയ്യാം. കോൺകോഴ്‌സിനു മുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ടിക്കറ്റ് എടുക്കാത്തവർക്കും സാധിക്കും.

Latest News