Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂവായിരം കോടി അധികം ആവശ്യപ്പെട്ട് കേന്ദ്രം പാര്‍ലമെന്റില്‍

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുമായി 3,147.92 കോടി രൂപ അധിക ഫണ്ടിന് കേന്ദ്രം പാര്‍ലമെന്റിന്റെ അനുമതി തേടി.

2023-2024ലെ ഗ്രാന്റുകള്‍ക്കായുള്ള അനുബന്ധ ഡിമാന്‍ഡിന്റെ ആദ്യ ബാച്ച് ഡിസംബര്‍ ആറിന് ലോക്സഭയില്‍ അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അതില്‍ 1.29 ലക്ഷം കോടി രൂപയുടെ അധികച്ചെലവും അവതരിപ്പിച്ചു. അതില്‍ 3,147.92 കോടി രൂപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി നിയമ മന്ത്രാലയത്തിനും 73.67 കോടി രൂപ ഭരണച്ചെലവിനായി തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നിര്‍ദ്ദേശിച്ചത്.

നിയമ മന്ത്രാലയത്തിനുള്ള ഗ്രാന്റിനുള്ള അനുബന്ധ ഡിമാന്‍ഡ് അനുസരിച്ച്, 'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വിഹിതത്തിന്റെ ബാധ്യത തീര്‍ക്കാന്‍' 2,536.65 കോടി രൂപയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരിശോധനയ്ക്കും പരിപാലനത്തിനുമായി 36.20 കോടി രൂപയും ഇവിഎം സംഭരണത്തിനായി 575.07 കോടി രൂപയുമാണ് പറയുന്നത്.

ഇത് പാര്‍ലമെന്റ് പാസാക്കിയാല്‍ 2023-2024ലെ ബജറ്റ് എസ്റ്റിമേറ്റില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് നിയമ മന്ത്രാലയത്തിന് അനുവദിച്ച തുകയ്ക്ക് പുറമേയാകും. അതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൊത്തം നിര്‍ദ്ദിഷ്ട ചെലവ് 5,331.7 കോടി രൂപയാകും. 

ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇവിഎമ്മുകള്‍ക്കായി 1891.78 കോടി രൂപയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് 180 കോടി രൂപയും വോട്ടര്‍ ഐഡി കാര്‍ഡിന് 18 കോടി രൂപയും മറ്റ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 94 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

Latest News